അനധികൃത തമ്പുകൾ കോവിഡ് വ്യാപനത്തിന് ഇടയാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത തമ്പുകൾ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതായി വിലയിരുത്തൽ. തമ്പുകളിൽ സാമൂഹിക അകലം പാലിക്കാതെയും കോവിഡ് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെയും പാർട്ടികളും ഒത്തുകൂടലുകളും യഥേഷ്ടം നടന്നു. ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒരു പാർട്ടിയിൽ പെങ്കടുത്ത 40 പേർക്ക് വൈറസ് ബാധിക്കുകയും ചിലർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായി രണ്ടാഴ്ച മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ശൈത്യകാല തമ്പ് നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെങ്കിലും രാജ്യത്ത് അനധികൃതമായ ആയിരക്കണക്കിന് തമ്പുകൾ പ്രവർത്തിച്ചിരുന്നു.
5000ത്തിലേറെ തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയത്. നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്. തണുപ്പിെൻറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ കഴിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് രാത്രികൾ സജീവമാക്കുന്ന പതിവ് അറബികൾക്കുണ്ട്.
ഇത്തവണ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തമ്പുകളിലെയും റിസോർട്ടുകളിലെയും ഒത്തുകൂടലുകൾക്കെതിരെ കർശന നിലപാടെടുത്തു.
പാർട്ടി ഹാളുകൾ തുറക്കരുതെന്ന് കർശനമായി നിർദേശിച്ചു. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പ്രതിഭാസമാണ് രാജ്യത്ത് കാണാൻ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.