അനിശ്ചിതാവസ്ഥ: പ്രവാസികൾ വിമാന ടിക്കറ്റ് എടുക്കാൻ മടിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശന വിലക്ക് നീക്കുന്നുവെങ്കിലും ഇതുവരെ കുവൈത്തിലേക്ക് വരാൻ ടിക്കറ്റ് എടുത്തവർ കുറച്ചുപേർ മാത്രമാണെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ. തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്ന ആശങ്കയാണ് ആളുകളെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നത്. അടുത്ത ആഴ്ചകളിൽ ടിക്കറ്റ് ബുക്കിങ് ക്രമേണ ഉയരുമെന്നാണ് വിലയിരുത്തൽ. ആഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് നീക്കുമെന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് വിമാനക്കമ്പനികൾക്ക് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ഇതാണ് ആളുകളിൽ ആശങ്ക ബാക്കിയാകാൻ കാരണം. ഇന്ത്യയിൽനിന്ന് മാത്രമാണ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുള്ളതെന്നും കുവൈത്തിൽ ഏറെ പ്രവാസികളുള്ള ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇൗജിപ്ത്, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽനിന്ന് ബുക്കിങ് തുടങ്ങിയിട്ടില്ലെന്നുമാണ് ട്രാവൽസ് വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയിൽനിന്ന് എടുക്കുന്ന ടിക്കറ്റിന് ഇൗടാക്കുന്ന ജി.എസ്.ടി യാത്ര മുടങ്ങിയാലും തിരിച്ചുകിട്ടില്ല. വിമാനക്കമ്പനികളിൽനിന്ന് റീഫണ്ട് ലഭിക്കാൻ സമയമെടുക്കും. ജസീറ എയർവേസിന് നാട്ടിൽനിന്ന് ഒാൺലൈനായും എടുക്കുന്ന ടിക്കറ്റിന് റീഫണ്ട് വാഗ്ദാനം ചെയ്യുന്നില്ല.
കുവൈത്തിൽനിന്ന് ട്രാവൽ ഏജൻസികൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കാറുണ്ട്. കുവൈത്ത് എയർവേസ് റദ്ദാക്കപ്പെടുന്ന ഷെഡ്യൂളുകളുടെ ടിക്കറ്റ് തുക ഒാരോ തവണയും പ്രത്യേകം സർക്കുലർ ഇറക്കി തിരിച്ചുകൊടുക്കാറുണ്ട്. ഇന്ത്യയിലും കുവൈത്തിലും കോവിഡ് കേസുകൾ സമീപ ദിവസങ്ങളിൽ ഉയർന്നുതന്നെ നിൽക്കുന്നത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമാകുമോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ട്.
ദീർഘകാലമായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾ എത്രയും വേഗം കുവൈത്തിലെത്താൻ താൽപര്യപ്പെടുന്നവരാണ്. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരാണ് നിരവധി പേർ. എന്നാൽ, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇവർ പരീക്ഷണത്തിന് നിൽക്കാതെ ചിത്രം കുറേകൂടി വ്യക്തമാകാൻ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.