നിരുപാധികം ഫലസ്തീനൊപ്പം: ഇസ്രായേലിനെതിരെ പ്രതിഷേധം, ഫലസ്തീന് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണങ്ങൾ നേരിടുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഫലസ്തീന് പിന്തുണയുമായും കുവൈത്ത് ഭരണനേതൃത്വവും പൊതുജനങ്ങളും. ഫലസ്തീന് സമ്പൂർണ പിന്തുണയെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്ന കുവൈത്ത് കഴിഞ്ഞ ദിവസത്തെ ഗസ്സയിലെ ആശുപത്രി ആക്രമണത്തോടെ നിലപാട് കടുപ്പിച്ചു. കുവൈത്ത് സിറ്റിയിലെ ദേശീയ അസംബ്ലിക്ക് സമീപമുള്ള ഇറാദ സ്ക്വയറിൽ കുവൈത്ത് ജനങ്ങളും പ്രവാസികളും ഇസ്രായേലിനെതിരെ പ്രതിഷേധവുമായി ഒത്തുകൂടി. എം.പിമാർ, പൊതുപ്രവർത്തകർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവരുൾപ്പെടെ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ അണിചേർന്നു. ഒത്തുകൂടിയവർ ഫലസ്തീനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു.
ഫലസ്തീനെയും അവരുടെ ന്യായമായ അവകാശങ്ങൾ പൂർണമായി വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തെയും പിന്തുണക്കുന്ന കുവൈത്തിന്റെ തത്ത്വാധിഷ്ഠിത നിലപാട് പ്രഭാഷകർ ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി ഇസ്രായേൽ അധിനിവേശസേന നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ചു. ഒക്ടോബർ ഏഴിന് ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം നാലായിരത്തോളം ഫലസ്തീനികൾ രക്തസാക്ഷികളായതും ബാപ്റ്റിസ്റ്റ് അൽ അഹ്ലി അറബ് ആശുപത്രിയിലെ 500ഓളം മരണവും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പരിക്കേറ്റവരുടെ എണ്ണം ഭയാനകമാണെന്നും ഉണർത്തി.
ഫലസ്തീനികൾക്കുള്ള പിന്തുണ അചഞ്ചലമായി തുടരും
കുവൈത്ത് സിറ്റി: ഫലസ്തീനികൾക്കുള്ള പിന്തുണ അചഞ്ചലമായി തുടരുമെന്ന് കുവൈത്ത്. ഇസ്രായേൽ അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) ഉന്നത നയതന്ത്രജ്ഞരുടെ സമ്മേളനത്തിൽ പറഞ്ഞു. ഇസ്രായേലിന്റെ ‘ഭയാനകമായ’ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും അടിസ്ഥാന മാനുഷിക തത്ത്വങ്ങൾക്കും വിരുദ്ധമാണ്.
ഇസ്രായേൽ സേന നടത്തിയ ക്രിമിനൽ പ്രവൃത്തികൾക്കെതിരെ കുവൈത്തിന്റെ ശക്തമായ അപലപനം ശൈഖ് സലിം പ്രകടിപ്പിച്ചു. നിരപരാധികളായ ഫലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനംചെയ്തു. ഫലസ്തീനികൾക്ക് ആവശ്യമായ സഹായം എത്തിക്കാൻ അനുവദിക്കുന്ന സുരക്ഷിത പാതകൾ ഒരുക്കാനും അഭ്യർഥിച്ചു.
അന്താരാഷ്ട്ര സമൂഹം ഇരട്ടനിലവാരത്തോടെ സ്ഥിതിഗതികൾ കൈകാര്യംചെയ്യുന്നത് തുടർന്നാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കുവൈത്ത് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1967ലെ അതിർത്തി അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് കുവൈത്തിന്റെ പിന്തുണ ഒ.ഐ.സി വിദേശകാര്യ മന്ത്രിതല ചർച്ചയിൽ ശൈഖ് സലിം ആവർത്തിച്ചു.
സ്കൂളുകളിലും ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: രാജ്യമെമ്പാടുമുള്ള സ്കൂളുകളിൽ വിദ്യാർഥികൾ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അസംബ്ലിയിൽ ഫലസ്തീൻ പതാകയും പോസ്റ്ററുകളും കുട്ടികൾ ഉയർത്തിപ്പിടിച്ചു. ഇസ്രായേൽ അധിനിവേശസേനയുടെ നടപടികളെ അപലപിച്ച വിദ്യാർഥികൾ ഫലസ്തീനെ പിന്തുണച്ച് പരമ്പരാഗത ഫലസ്തീൻ കുഫിയ സ്കാർഫ് ധരിച്ചു. മരിയ അൽ ഖുത്ബിയ ഗേൾസ് ഹൈസ്കൂളിൽ ഫലസ്തീൻ ഭൂപടവും അൽ അഖ്സ പള്ളിയും ഫലസ്തീനികളുടെ കലകളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയെ തുടർന്നാണ് സ്കൂൾ അസംബ്ലിയിൽ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തന മേഖലയുടെ ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ഗാനിം അൽ സുലൈമാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.