നോക്കിനിൽക്കെ കൈവീശി അവർ യാത്രയായി...
text_fieldsകുവൈത്ത് സിറ്റി: ഉല്ലാസയാത്രക്കിടെ സഹപ്രവർത്തകരായ രണ്ടുപേരുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് ലുലു എക്സ്ചേഞ്ച് ജീവനക്കാർ. അവധി ദിനങ്ങളിൽ ജീവനക്കാർ പലയിടങ്ങളിലേക്കായി ഇത്തരം ഒരുമിച്ചുള്ള യാത്രകൾ പതിവാണ്. അപകടം നടന്ന ഖൈറാനിൽ മുമ്പും പലതവണ പോയതായി സംഘത്തിലുണ്ടായിരുന്നയാൾ പറഞ്ഞു. ഇത്തരം ഒരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല.
വെള്ളിയാഴ്ച വൈകീട്ടാണ് 12 പേരടങ്ങുന്ന സംഘം ഖൈറാനിൽ എത്തിയത്. ചിലർ റൂമിൽ തങ്ങുകയും മറ്റുചിലർ കയാക്കിങ് ബോട്ടിൽ കൃത്രിമ തടാകത്തിൽ തുഴയാൻ പോവുകയുമായിരുന്നു. ആദ്യസംഘം വൈകാതെ മടങ്ങിയെത്തി. പിന്നീടാണ് സുകേഷ്, ജോസഫ് മത്തായി എന്നിവർ പുറപ്പെട്ടത്. ബോട്ടിൽ മറുകരെയെത്തി ഇരുവരും കൈവീശിക്കാണിക്കുന്നത് മറ്റുള്ളവർ കണ്ടിരുന്നു. ഇവർ വൈകാതെ മടങ്ങിയെത്തും എന്ന പ്രതീക്ഷയിൽ മറ്റുള്ളവർ റൂമുകളിലേക്ക് മടങ്ങി.
എന്നാൽ, ഏറെ നേരമായിട്ടും ഇരുവരും തിരികെ വന്നില്ല. തുടർന്ന് രാത്രി 8.30ഓടെ മറ്റുള്ളവർ തിരച്ചിലിനിറങ്ങി. വാഹനത്തിൽ തടാകത്തിന്റെ മറുകരയിൽ എത്തി തിരഞ്ഞെങ്കിലും കണ്ടില്ല. തുടർന്ന് തടാകത്തിൽ നടത്തിയ തിരച്ചിലിൽ ബോട്ടും വസ്ത്രങ്ങളും ശ്രദ്ധയിൽപെട്ടു. കൂടുതൽ പരിശോധനയിൽ ഇരുവരെയും വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വൈകാതെ പൊലീസ് എത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും നീന്തൽ അറിയില്ലെന്നാണ് സൂചന. മൂന്നു വർഷത്തിലേറെയായി സുകേഷും ജോസഫ് മത്തായിയും കുവൈത്ത് ലുലു എക്സ്ചേഞ്ചിൽ എത്തിയിട്ട്. ജോസഫ് മത്തായി ആറു മാസം മുമ്പാണ് വിവാഹിതനായത്.
ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് എത്തിയത്. ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കുകയായിരുന്നു. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കുകയും അബ്ബാസിയയിൽ പുതിയ ഫ്ലാറ്റ് കണ്ടെത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച ഈ ഫ്ലാറ്റിലേക്ക് മാറാനിരിക്കുകയായിരുന്നു.
ഇരുവരുടെയും മരണത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവർ അനുശോചിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങള് ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.