ഏക സിവില്‍ കോഡ് ശക്തമായി എതിർക്കപ്പെടണം -കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ഭരണഘടന ഉറപ്പ് നല്കിയ മതസ്വാതന്ത്ര്യം ഹനിക്കാനുള്ള ഏത് നീക്കത്തെയും ജനാധിപത്യമാർഗത്തിൽ ശക്തമായി എതിർക്കപ്പെടണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) വാർത്തക്കുറിപ്പിൽ അറിയിച്ചു. ജനാധിപത്യ മതേതര ശക്തികളും പൊതുസമൂഹവും ഏക സിവില്‍ കോഡിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ഇതിനെതിരെ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
വർഗീയ ധ്രുവീകരണത്തിലൂടെ വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദിസർക്കാർ ഇപ്പോൾ ഏക സിവിൽ കോഡ് എടുത്തിടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ഒരു രാജ്യത്തിന് എല്ലാം ഒന്നു മതിയെന്ന ഫാഷിസ്റ്റ് രീതി അംഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേൽപിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ്. അതിലൂടെ മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവിൽ കോഡിന് അനുകൂലമാക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നത്. ഇത് വലിയ പ്രത്യാഘാതമാണ് സമൂഹത്തില്‍ സൃഷ്ടിക്കുകയെന്നും കെ.ഐ.സി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.