കേന്ദ്ര ബജറ്റ്: പ്രവാസികൾക്ക് നിരാശ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റും.
മുൻ ബജറ്റുകളിലും തികഞ്ഞ അവഗണ നേരിട്ട പ്രവാസികൾ വലിയ പ്രതീക്ഷ പുലർത്തിയിരുന്നില്ലെങ്കിലും മെച്ചപ്പെട്ട പാക്കേജുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ഈ ബജറ്റിലും ഉണ്ടായില്ല.
തങ്ങളെ പൂർണമായും അവഗണിച്ച ബജറ്റിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. പല പ്രവാസി സംഘടനകളും ഈ കാര്യം ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, യാത്രാക്ലേശം പരിഹരിക്കൽ, വിമാന കമ്പനികളുടെ ചൂഷണം തടയൽ, സൗജന്യ ചികിത്സ പദ്ധതി, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം വർഷങ്ങളായി പ്രവാസി സംഘടനകളുടെ ആവശ്യങ്ങളാണ്.
എന്നാൽ ഇവയോട് പൂർണമായും മുഖം തിരിച്ച കേന്ദ്രസർക്കാർ ഇവയുമായി ബന്ധപ്പെട്ട ഒരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വർഷം പത്ത് ലക്ഷം കോടി രൂപയോളമാണ് പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്.
എന്നാൽ ഇത്രയും വിദേശനാണ്യം രാജ്യത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമം കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല. രാഷ്ട്രീയസ്ഥിരതയും അധികാരവും നിലനിര്ത്താൻ ബി.ജെ.പി അനുകൂല സർക്കാറുകൾക്ക് വാരിക്കോരി നൽകിയ ബജറ്റ് ഇതര സംസ്ഥാനങ്ങളെയും അവഗണിച്ചു. വോട്ടില്ലാത്തതാണ് പ്രവാസികളുടെ പൂർണമായ അവഗണനക്ക് കാരണമെന്നും പ്രവാസി സംഘടനകൾ അഭിപ്രായപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.