ഈജിപ്തിന് ഐക്യദാർഢ്യം: ഇസ്രായേൽ പ്രധാനമന്ത്രിയുടെ പരാമർശം കുവൈത്ത് തള്ളി
text_fieldsകുവൈത്ത് സിറ്റി: ഈജിപ്ത് അതിർത്തിയിലൂടെ ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസിന് ആയുധങ്ങൾ കടത്തുന്നുവെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണത്തെ കുവൈത്ത് തള്ളി. ഇസ്രായേൽ അധിനിവേശ സേനയുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം വ്യതിചലിപ്പിക്കാൻ ഈജിപ്തിന്റെ പേര് ഉപയോഗിക്കാനുള്ള ശ്രമമാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടേതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈജിപ്തിന് കുവൈത്തിന്റെ ഐക്യദാർഢ്യവും അറിയിച്ചു. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിടുന്ന ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നിവയുടെ സംയുക്ത മധ്യസ്ഥ ശ്രമങ്ങളെ തടസ്സപ്പെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ അവകാശവാദങ്ങൾക്ക് മുന്നിൽ ഈജിപ്തിനൊപ്പം നിൽക്കുന്നു. ഇസ്രായേൽ അധിവിവേശവും ആക്രമണങ്ങളും നിയമ ലംഘനങ്ങളും തടയാൻ ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാ സമിതിയോടും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണത്തെ ഈജിപ്ത് നിരസിച്ചിരുന്നു. ജോർഡൻ, ഖത്തർ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങളും ഇസ്രായേൽ ആരോപണം തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.