അസ്ഥിര കാലാവസ്ഥ: തുറമുഖത്തെ ബാധിച്ചു; വിമാന സർവിസിനെ ബാധിച്ചില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത് തുറമുഖത്തിെൻറ പ്രവർത്തനത്തെ ബാധിച്ചു. കുവൈത്തിൽ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിെവച്ചു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുകയും തിരമാലകൾ ഏഴ് അടി വരെ ഉയരുകയും ചെയ്തതിനെ തുടർന്നാണ് തുറമുഖങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയത്.
ശുവൈഖ്, ശുഐബ, ദോഹ തുറമുഖങ്ങളുടെ പ്രവർത്തനമാണ് മോശം കാലാവസ്ഥമൂലം ഞായറാഴ്ച രാവിലെ തടസ്സപ്പെട്ടത്. അതേസമയം, നിലവിലെ കാലാവസ്ഥ വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ല. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസുകള്‍ സാധാരണഗതിയില്‍ തുടരുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു. വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാലും കോവിഡ് കാല യാത്രനിയന്ത്രണങ്ങളും കാരണം വിരലിലെണ്ണാവുന്ന വിമാന സർവിസുകൾ മാത്രമാണുള്ളത്.
ശനിയാഴ്ച മുതൽ രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് ആണ് അനുഭവപ്പെടുന്നത്. ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 112ൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ഈ ആഴ്ച അവസാനം വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊടിക്കാറ്റ് ഡ്രൈവ് ത്രൂ വാക്സിനേഷനെ ബാധിച്ചു
കുവൈത്ത് സിറ്റി: ശക്തമായ പൊടിക്കാറ്റ് ശൈഖ് ജാബിർ പാലത്തോടനുബന്ധിച്ച് സ്ഥാപിച്ച ഡ്രൈവ് ത്രൂ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രത്തിെൻറ പ്രവർത്തനത്തെ ബാധിച്ചു.
ഞായറാഴ്ച ഇവിടേക്ക് നൽകിയ അപ്പോയിൻമെൻറുകൾ മിഷ്ഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ കേന്ദ്രത്തിലേക്ക് മാറ്റി നൽകി. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് മാറ്റിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങി നിൽക്കാൻ പ്രയാസകരമായ രീതിയിൽ ശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്ച അനുഭവപ്പെട്ടത്.
കാഴ്ച മറയുന്നതിനാൽ വാഹന ഗതാഗതവും പ്രയാസമായിരുന്നു. മുന്നിലുള്ള വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയത് റോഡുകളിൽ ഗതാഗതക്കുരുക്കിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.