അസ്വാഭാവിക വില വർധന: മത്സ്യലേലം നിരീക്ഷിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മത്സ്യവിലയിലെ അസ്വാഭാവിക വർധന നിയന്ത്രിക്കാൻ നടപടിക്കൊരുങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി മാർക്കറ്റിലെ ലേല നടപടികൾ നിരീക്ഷിക്കാൻ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മത്സ്യ മാർക്കറ്റിൽ ലേല സമയത്ത് വില കൃത്രിമമായി ഉയർത്തുന്നുവെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ലേലനടപടികൾ നിരീക്ഷിക്കാൻ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി തീരുമാനിച്ചത്.
മത്സ്യ ലേലത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്നാണ് നിരീക്ഷിക്കുക.ലേല സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി മത്സ്യം വിൽക്കാൻ വ്യാപാരികൾക്കിടയിൽ ധാരണയുണ്ടോ എന്നും വിലയിൽ അസ്വാഭാവികമായുണ്ടാകുന്ന വർധനവിനുപിന്നിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കും. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് അനുമതിയുണ്ട്. ജുഡീഷ്യൽ പൊലീസ് സേനയുടെ പദവിയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
ലേല നടപടികൾ സംബന്ധിച്ച മുൻകാല റെക്കോഡുകൾ പരിശോധിക്കാൻ കോമ്പറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി കാർഷിക മത്സ്യവിഭവ വികസന അതോറിറ്റിയുടെയും കുവൈത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.