വീറ്റോ ഉപയോഗം; പരിമിതപ്പെടുത്തണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വീറ്റോ അവകാശത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉണർത്തി കുവൈത്ത്. വീറ്റോ ദുരുപയോഗം ചെയ്യുന്നതിനു പകരം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കുവൈത്ത് അഭ്യർഥിച്ചു.
ഐക്യരാഷ്ട്രസഭ (യു.എൻ) ജനറൽ അസംബ്ലിയിൽ കുവൈത്തിന്റെ പ്രഥമ സെക്രട്ടറി ഫഹദ് ഹാജിയാണ് ഇക്കാര്യം ഉണർത്തിയത്. ഒരു അറബ് രാഷ്ട്രമെന്ന നിലയിൽ, വീറ്റോ അവകാശത്തിന്റെ ദുരുപയോഗവും അതിന്റെ അനന്തരഫലങ്ങളും പതിറ്റാണ്ടുകളായി കുവൈത്ത് അനുഭവിച്ചിട്ടുണ്ടെന്ന് ഹാജി വ്യക്തമാക്കി.
‘വീറ്റോ ഇനീഷ്യേറ്റിവ്’ എന്നു വിളിക്കപ്പെടുന്ന നിരവധി രാജ്യങ്ങളുമായി കുവൈത്ത് ചേർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം മുമ്പ് 2022 ഏപ്രിൽ 26ന് അംഗീകരിച്ച ‘വീറ്റോ ഇനീഷ്യേറ്റിവ്’ പ്രകാരം യു.എൻ ജനറൽ അസംബ്ലിയിലെ അംഗങ്ങൾ വീറ്റോ ചെയ്തതിന് 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അതിന്റെ പ്രസിഡന്റ് ഔപചാരിക യോഗം വിളിക്കുകയും ചർച്ച നടത്തുകയും വേണം. വീറ്റോ ചെയ്ത സാഹചര്യവും വ്യക്തമാക്കണം.
അംഗീകാരം ലഭിച്ച് ഒരു വർഷത്തിനുശേഷം, യു.എൻ ബോഡികളിൽ ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിന് ഈ സംരംഭം ഗണ്യമായ സംഭാവന നൽകിയതായി ഹാജി അഭിപ്രായപ്പെട്ടു. ഈ സംരംഭം അംഗരാജ്യങ്ങൾക്ക് കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിനും ക്രിയാത്മക സംവാദങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള അവസരങ്ങൾ അനുവദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമാറ്റച്ചട്ടത്തിൽ ഒപ്പുവെച്ചതിനാൽ വീറ്റോ അവകാശവുമായി ബന്ധപ്പെട്ട് കുവൈത്ത് പിന്തുണക്കുന്ന നിരവധി സംരംഭങ്ങളിൽ ഒന്നാണിത്. മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവക്കെതിരായ കരട് പ്രമേയങ്ങളെ എതിർപ്പുകളിൽനിന്ന് സംരക്ഷിക്കുമെന്ന് ഇത് പ്രതിജ്ഞയെടുക്കുന്നു.
വീറ്റോയുടെ അസാധാരണമായ പ്രത്യേകാവകാശം പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമാണെന്നും കുവൈത്ത് പ്രതിനിധി ഓർമിപ്പിച്ചു.
ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യു.എസ് എന്നീ അഞ്ചു സ്ഥിരാംഗങ്ങളാണ് യു.എൻ രക്ഷാസമിതിയിലുള്ളത്. സുപ്രധാന വിഷയങ്ങൾ സംബന്ധിച്ച പ്രമേയങ്ങളിൽ വിയോജിക്കാനുള്ള വീറ്റോ അധികാരം ഈ രാജ്യങ്ങൾക്കുണ്ട്. രക്ഷാസമിതിയിലെ വീറ്റോ അധികാരം ഒഴിവാക്കണമെന്നും ഉപയോഗം പരിമിതപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ഇസ്രായേൽ അക്രമത്തെ അപലപിക്കാൻ രംഗത്തുവരണം
കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ അക്രമങ്ങളെ അപലപിക്കാൻ തയാറാകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷ കൗൺസിലിനോടും കുവൈത്ത് ആവശ്യപ്പെട്ടു.
മിഡിലീസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യു.എൻ സുരക്ഷ കൗൺസിൽ പ്രത്യേക സെഷനിൽ കുവൈത്ത് നയതന്ത്രജ്ഞൻ അബ്ദുൽ അസീസ് അമ്മാഷാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണം. സ്വയംനിർണയാവകാശം ഉൾപ്പെടെയുള്ള നിയമാനുസൃതവും അവിഭാജ്യവുമായ അവകാശങ്ങൾ ഫലസ്തീന് ലഭിക്കുന്നതുവരെ മിഡിലീസ്റ്റിൽ നീതിയും സമഗ്രവുമായ സമാധാനവും സുരക്ഷയും സ്ഥിരതയും കൈവരിക്കാനാവില്ല. റ
മദാനിൽ ക്രൂരമായ അക്രമങ്ങളാണ് ഇസ്രായേൽ നടത്തിയത്. അൽ അഖ്സ മസ്ജിദിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരായുധരായ വിശ്വാസികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായും അമ്മാഷ് ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ ഈ ഗുരുതരമായ ലംഘനങ്ങളെ അപലപിച്ച് യു.എൻ സുരക്ഷ കൗൺസിൽ അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. കിഴക്കൻ ജറൂസലമിനു മേലുള്ള ഫലസ്തീന്റെ പരമാധികാരം സംരക്ഷിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു.അധിനിവേശ ശക്തിയായ ഇസ്രായേലിന് ജറൂസലമിന്റെ മേൽ അവകാശമോ പരമാധികാരമോ ഇല്ലെന്നും അബ്ദുൽ അസീസ് അമ്മാഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.