ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി വി. മുരളീധരൻ
text_fieldsകുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുവൈത്ത് ഭരണനേതൃത്വവുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ചകൾ നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയങ്ങള്‍ക്കു പുറമെ പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും ചര്‍ച്ചയായി. ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ നഴ്സസ് പ്രതിനിധികളുമായി മന്ത്രി ആശയവിനിമയം നടത്തി.
കുവൈത്തിലെ ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും സ്കൂൾ പ്രിൻസിപ്പൽമാരുടെയും പ്രഫഷനൽ അസോസിയേഷനുകളുടെയും പ്രതിനിധികളെയും കണ്ടു. കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ പ്രധാന ശക്തിയായി കുവൈത്തിലെ ഇന്ത്യൻ സമൂഹം തുടരുന്നതായി മുരളീധരൻ പറഞ്ഞു. ബുധനാഴ്ച രാത്രി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രത്യേക സാംസ്കാരിക പരിപാടി നടന്നു.
വ്യാഴാഴ്ച ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലെ സാഹോദര്യബന്ധം ശൈഖ് തലാൽ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ചർച്ചചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഉപയോഗപ്രദമായ ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നതായി വി. മുരളീധരന് വ്യക്തമാക്കി.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹുമായും വി. മുരളീധരൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധവും സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ചചെയ്തു.
ഇന്ത്യൻ നഴ്സിങ് പ്രതിനിധികള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. നഴ്സിങ് രംഗത്തെ വിവിധ വിഷയങ്ങളും പ്രശ്നങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇവ കുവൈത്ത് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈകയും കൂടിക്കാഴ്ചയിൽ പങ്കാളിയായി.
നെറ്റിംഗേല്സ് ഓഫ് കുവൈത്ത് പ്രസിഡന്റ് സിറിൽ ബി. മാത്യു, സെക്രട്ടറി ട്രീസ എബ്രഹാം, ഇൻഫോക് കോർ കമ്മിറ്റി അംഗവും മീറ്റിങ് കോഓഡിനേറ്ററുമായ ഷൈജു കൃഷ്ണൻ, സെക്രട്ടറി രാജലക്ഷ്മി, കോർ കമ്മിറ്റി അംഗം അനീഷ് പൗലോസ്, ആംബുലൻസ് വിങ് കോഓഡിനേറ്റർ അജ്മൽ, സബ ഹോസ്പിറ്റൽ യൂനിറ്റ് കോഓഡിനേറ്റർ വിജേഷ് വേലായുധൻ, ഫോറൻസിക് യൂനിറ്റ് കോഓഡിനേറ്റർ നിസ്സി, തമിഴ്നാട് നഴ്സസ് അസോസിയേഷന് പ്രസിഡന്റ് സിസ്റ്റർ ജോസഫിൻ റോബർട്ട്, സെക്രട്ടറി രാമജേയം എന്നിവരാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.