വാക്സിനേഷൻ സർട്ടിഫിക്കറ്റ്: ഇന്ത്യൻ എംബസി വിവരം ശേഖരിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങുകയും നാട്ടിൽ വാക്സിനേഷൻ നടത്തി കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും നിരവധി ആളുകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വിവരശേഖരണം നടത്തുന്നത്. നാട്ടിൽ എടുത്ത വാക്സിൻ കുവൈത്ത് അംഗീകരിക്കുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക. ഫൈസർ, ആസ്ട്രസെന, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
അംഗീകൃത വാക്സിൻ എടുത്തവർക്ക് മാത്രമാണ് കുവൈത്ത് പ്രവേശനനാനുമതി നൽകുക. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് ആസ്ട്രസെനക വാക്സിൻ തന്നെയാണ്.
സർട്ടിഫിക്കറ്റിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നേരത്തെ നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ വാക്സിൻ ബാച്ച് നമ്പറും കുത്തിവെപ്പെടുത്ത തീയതിയും രേഖപ്പെടുത്തിയിരുന്നില്ല. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ രജിസ്ട്രേഷനിൽ ഇക്കാര്യം ചോദിക്കുന്നുണ്ട്. കോവിഷീൽഡ് അല്ലാത്ത വാക്സിൻ സ്വീകരിച്ചവരും നിരവധിയാണ്.
ഇങ്ങനെ പലവിധ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് അധികൃതരുമായുള്ള ആശയവിനിമയത്തിന് കൃത്യമായ ചിത്രം ലഭിക്കാൻ എംബസി വിവരശേഖരണം നടത്തുന്നത്. (https://forms.gle/ZgRpFBTFV5V24Vqb8) എന്ന ഗൂഗ്ൾ ഫോമിൽ വിവരങ്ങൾ നൽകാം. കൂടുതൽ വിവരങ്ങൾ എംബസി വെബ്സൈറ്റിലുണ്ട്.
പേര്, പാസ്പോർട്ട് നമ്പർ, ഇ-മെയിൽ വിലാസം, ഫോൺനമ്പർ, പ്രായം (16 വയസ്സിന് മുകളിലോ താഴെയോ), സംസ്ഥാനം, തിരിച്ചുവരവിന് യാത്ര ഉദ്ദേശിക്കുന്ന ഇന്ത്യയിലെ വിമാനത്താവളം, ഇഖാമ വിവരങ്ങൾ, വാക്സിനേഷൻ വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തോ?, രജിസ്ട്രേഷനിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?, ഏത് വാക്സിനാണ് എടുത്തത്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചോ, സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് വിവരം ഉൾപ്പെടുത്തിയോ, ബാച്ച് നമ്പറും തീയതിയും ഉൾപ്പെടുത്തിയോ, കോവിഷീൽഡ് എടുത്തവരുടെ സർട്ടിഫിക്കറ്റിൽ ഒാക്സ്ഫഡ് ആസ്ട്രസെനക എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ, മറ്റെന്തെങ്കിലും അന്വേഷിക്കാനുണ്ടോ എന്നിവയാണ് എംബസി ഗൂഗ്ൾ ഫോമിലൂടെ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.