നാളെ മുതൽ മാൾ, റെസ്റ്റാറൻറ്, സലൂൺ പ്രവേശനത്തിന് കുത്തിവെപ്പ് നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ മാളുകളിൽ പ്രവേശിക്കണമെങ്കിൽ സിവിൽ ഐഡി ആപ്പിൽ പച്ചയോ മഞ്ഞയോ നിറത്തിൽ പ്രതിരോധ സ്റ്റാറ്റസ് തെളിയണം. ആരോഗ്യവകുപ്പിെൻറ ഇമ്യൂൺ ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവർക്കും പ്രവേശനം അനുവദിക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വലിയ മാളുകൾ, റസ്റ്റാറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം വിലക്കിയുള്ള മന്ത്രിസഭ ഉത്തരവിന് ഞായറാഴ്ച മുതൽ പ്രാബല്യം.
സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിെൻറ ഇമ്യൂൺ ആപ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ആളുകളെ മാളുകളിലും മറ്റും പ്രവേശിപ്പിക്കുക.
വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവർക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളിൽ കാണിക്കുക.
ഈ രണ്ടു വിഭാഗങ്ങളെയും മാത്രമാകും മേൽപറഞ്ഞ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക. തീരെ വാക്സിൻ എടുത്തില്ല എന്നതിനെ സൂചിപ്പിക്കാൻ ചുവന്ന നിറമാണ് ആപ്പുകളിൽ കാണിക്കുക. ഇക്കൂട്ടർക്ക് പ്രവേശനം ഉണ്ടാകില്ല. ആരോഗ്യമന്ത്രലയത്തിൽനിന്ന് പ്രത്യേക ഇളവ് നേടിയവർ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥാപന ഉടമകൾ എന്നിവർക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
6000 ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള മാളുകൾക്കാണ് നിയന്ത്രണം ബാധകമാകുക. അവന്യൂസ്, 360 മാൾ, അൽകൂത്ത് തുടങ്ങിയ വലിയ വാണിജ്യ സമുച്ചങ്ങളിലെ പ്രവേശനം നിയന്ത്രിക്കാൻ പ്രവേശന കവാടങ്ങളിൽ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാകും. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ഫീൽഡ് പരിശോധന നടത്തും.
നിരീക്ഷണത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. അതിനിടെ വെള്ളിയാഴ്ച വാണിജ്യ സമുച്ചയങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നതും നിരവധി ആളുകൾ ഇനിയും കുത്തിവെപ്പെടുക്കാൻ മുന്നോട്ട് വരാത്തതുമാണ് കർശന നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. നിരവധി സ്വദേശികൾ കുത്തിവെപ്പിന് തയാറാകാതെയുണ്ട്.
രജിസ്റ്റർ ചെയ്തിട്ടും അപ്പോയൻറ്മെൻറ് തീയതിയിൽ വാക്സിൻ എടുക്കാൻ എത്താത്ത 45,000 കുവൈത്തികളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജിസ്റ്റർ ചെയ്യാത്തവർ ഇതിന് പുറമെയാണ്.
പരമാവധി ആളുകൾ വാക്സിൻ എടുത്താലേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്നതിനാൽ സമ്മർദ നടപടികളിലൂടെ എല്ലാവരെയും കുത്തിവെപ്പ് എടുക്കാൻ പ്രേരിപ്പിക്കുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.