വാക്സിനേഷൻ മന്ദഗതിയിൽ; ഇതുവരെ എടുത്തത് 15,000 പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുന്നത് മന്ദഗതിയിൽ. ഡിസംബർ 24നാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ 15000ത്തിൽ താഴെ പേർക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ ഒരു ശതമാനത്തിനുപോലും വാക്സിനേഷൻ പൂർത്തിയാവണമെങ്കിൽ ജനുവരി കഴിയേണ്ടി വരും. ആഗോളതലത്തിലെ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ വാക്സിനേഷൻ നിരക്കിൽ കുവൈത്ത് പിന്നിലാണ്.
21 ശതമാനം പൂർത്തിയാക്കിയ ഇസ്രായേലാണ് മുന്നിൽ. 11 ശതമാനം പൂർത്തിയാക്കിയ യു.എ.ഇ ആഗോളതലത്തിൽ രണ്ടാമതും അറബ് മേഖലയിൽ ഒന്നാമതുമാണ്. അഞ്ചുശതമാനത്തിലേറെ പൂർത്തിയാക്കിയ ബഹ്റൈനാണ് ഗൾഫ് രാജ്യങ്ങളിൽ തൊട്ടുപിന്നിലുള്ളത്. അമേരിക്കയിൽ രണ്ടു ശതമാനവും ഡെൻമാർക്കിൽ 1.98 ശതമാനവും പൂർത്തിയായി. കുവൈത്തിൽ മുൻഗണന വിഭാഗത്തിൽനിന്ന് ആരോഗ്യ പ്രവർത്തകർ, മാറാരോഗികൾ, പ്രായമായവർ എന്നിവർക്കാണ് ഇപ്പോൾ വാക്സിൻ നൽകിവരുന്നത്. വരും മാസങ്ങളിൽ കൂടുതൽ ബാച്ച് എത്തുന്നതിനനുസരിച്ച് സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ നൽകും. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ ഹാൾ അഞ്ചിലാണ് ഇപ്പോൾ കുത്തിവെപ്പ് നടക്കുന്നത്.
പിന്നീട് ജഹ്റ, അഹ്മദി എന്നിവിടങ്ങളിൽ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. കൂടുതൽ ഡോസ് എത്തിയതിനുശേഷം അധിക കേന്ദ്രങ്ങൾ തുടങ്ങാനാണ് പരിപാടി. രണ്ടാം ബാച്ച് കോവിഡ് പ്രതിരോധമരുന്ന് ഇൗ ആഴ്ച എത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞ ദിവസം പറഞ്ഞു. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്. 48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടിവരും.
വാക്സിനെടുക്കാൻ തയാറാവാതെയും ഒരു വിഭാഗം ജനങ്ങളുണ്ട്. ബോധവത്കരണത്തിലൂടെ ഇവരെ കുത്തിവെപ്പെടുക്കാൻ പ്രേരിപ്പിക്കും. എന്നാൽ, നിയമപരമായി നിർബന്ധമില്ല. കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വീട്ടിലെത്തി കുത്തിവെപ്പെടുക്കാൻ ലക്ഷ്യമിട്ട് 20 മൊബൈൽ വാക്സിനേഷൻ യൂനിറ്റ് സ്ഥാപിമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.