കൂടുതൽ കേന്ദ്രങ്ങൾ തുറന്നതോടെ കുത്തിവെപ്പ് നിരക്കിൽ കുതിപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കൂടുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്നതോടെ പ്രതിദിന കുത്തിവെപ്പ് തോതിൽ കുതിപ്പ്. 15,000 മുതൽ 20,000 പേർക്ക് വരെ ഒരുദിവസം വാക്സിൻ നൽകുന്നു.
ഇതുവരെ കുത്തിവെപ്പെടുത്തവരുടെ എണ്ണം ഒന്നര ലക്ഷമായി. 15 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഒരാഴ്ചക്കിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം തുറന്നത്. നേരത്തേ മിശ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ മാത്രമായിരുന്നു. കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രാലയം സജ്ജമായിരുന്നെങ്കിലും വാക്സിൻ ലഭ്യതക്കുറവായിരുന്നു തടസ്സം. ഇപ്പോൾ കൂടുതൽ ഡോസ് എത്തിയതോടെ ആ തടസ്സം നീങ്ങി.
എല്ലാ ആഴ്ചയും വാക്സിൻ ഷിപ്മെൻറ് നടത്താമെന്ന് ഫൈസർ, ബയോൺടെക് കമ്പനി സമ്മതിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം 30 ലക്ഷം ഡോസ് വാക്സിൻ ലഭ്യമാക്കാമെന്ന് ഒാക്സ്ഫഡ്, ആസ്ട്രസെനക കമ്പനിയും സമ്മതിച്ചതായാണ് വിവരം.
മോഡേണ വാക്സിൻ ഇറക്കുമതിക്കും കുവൈത്ത് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ആദ്യ ബാച്ചുപോലും എത്തിയിട്ടില്ല. ആവശ്യത്തിന് വാക്സിൻ എത്തിയാൽ ഇനിയും കുത്തിവെപ്പ് കേന്ദ്രങ്ങൾ തുറന്ന് സെപ്റ്റംബറോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാണ് അധികൃതരുടെ പദ്ധതി. നിലവിൽ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് മന്ദഗതിയിലാണ്.
രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി ആഗോള ആരോഗ്യ ഏജൻസികളുടെ പൊതു അംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ. ഇത്രയും കണിശത പാലിക്കാത്തതിനാലാണ് മറ്റു രാജ്യങ്ങൾക്ക് കുത്തിവെപ്പ് തോതിൽ മുന്നേറാൻ കഴിഞ്ഞതെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ദഗതിക്കെതിരായ വിമർശനത്തിന് മറുപടിയായി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.