വാക്സിനെത്തിയാൽ വിമാനത്താവള പ്രവർത്തനം പൂർണതോതിലാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ ലഭ്യമായാൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പൂർണതോതിൽ ആയേക്കും. അമേരിക്കയിൽനിന്ന് കോവിഡ് വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നുണ്ട്. വാക്സിൻ ഫലപ്രാപ്തി പരീക്ഷിച്ച് ഉറപ്പാക്കിയാൽ വിമാനത്താവള പ്രവർത്തനം പൂർണതോതിൽ ആകുമെന്ന് എയർപോർട്ട് കാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി പറഞ്ഞു.
കുവൈത്ത് വിമാനത്താവള പ്രവർത്തനം രണ്ടാം ഘട്ടത്തിൽ 60 ശതമാനം ശേഷിയിലേക്കും മൂന്നാം ഘട്ടത്തിൽ പൂർണതോതിലേക്കും വർധിപ്പിക്കുമെന്നായിരുന്നു നേരേത്തയുള്ള തീരുമാനം. ഇപ്പോൾ 15 ശതമാനം ശേഷിയിൽ താഴെയാണ്. ആഗസ്റ്റ് ഒന്നുമുതൽ മുതൽ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കും എന്ന് തീരുമാനിച്ചിരുന്നെങ്കിലും 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് വിലക്ക് നിലവിലുള്ളതിനാലാണ് കുറഞ്ഞ തോതിലാണ് പ്രവർത്തനം.
ഇന്ത്യ, ഇൗജിപ്ത്, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി കുവൈത്തിലെ വലിയ പ്രവാസിസമൂഹങ്ങളൊക്കെ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ വരുന്നു. പൊതുവിൽ യാത്ര നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.ട്രാവൽ അസോസിയേഷനുകളുടെയും വിമാനക്കമ്പനികളുടെയും സമ്മർദം ഇക്കാര്യത്തിലുണ്ട്. പി.സി.ആർ സർട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളിലുള്ളത് വേണമെന്ന നിബന്ധനയിൽ ഇളവ് നൽകിയതും ആറു വയസ്സിനു താഴെയുള്ളവർക്ക് പി.സി.ആർ പരിശോധന ഒഴിവുനൽകിയതും ഇൗ അർഥത്തിലാണ്.ക്വാറൻറീൻ കാലാവധി രണ്ടാഴ്ചയുള്ളത് ഏഴു ദിവസമായോ അതിൽ കുറവ് ആയോ മാറ്റുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.