വാഹന പരിശോധന: 300 കേസുകൾ രജിസ്റ്റർ ചെയ്തു
text_fieldsകുവൈത്ത് സിറ്റി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ പരിശോധയിൽ 300 കേസുകൾ രജിസ്റ്റർ ചെയ്തു. ബോധപൂർവമായ ഗതാഗത തടസ്സം, നടപ്പാതകൾക്ക് മുകളിലൂടെ വാഹനം ഓടിക്കൽ, പാർക്കിങ്, വാഹനങ്ങൾ ഉപേക്ഷിക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ 300ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഖൈത്താൻ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധന നടന്നു. നൂറിലേറെ ഗതാഗത നിയമലംഘന കേസുകൾ ഇവിടങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രാഫിക് പൊലീസുമായി സഹകരിക്കാനും ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അടിയന്തര ഫോണിലേക്ക് (112) വാട്സ്ആപ് (99324092) നമ്പറുകളിൽ ഉടൻ അറിയിക്കാനും അധികാരികൾ അഭ്യർഥിച്ചു.
അപകടങ്ങൾ കുറക്കൽ, യാത്ര സുഗമമാക്കൽ എന്നിവയുടെ ഭാഗമായി ഗതാഗത നിയമലംഘനങ്ങൾക്കെതിരെ രാജ്യത്ത് കർശന നടപടികൾ തുടരുകയാണ്. നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിക്കുകയും ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്ത് പുതിയ കാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചിരുന്നു. 4,237,454 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.