വാഹന ഉടമാവകാശം: ബന്ധുക്കൾക്കിടയിലെ മാറ്റത്തിന് പണമിടപാട് രേഖ വേണ്ട
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാൻ പണമിടപാട് രേഖകൾ വേണമെന്ന നിബന്ധന ബന്ധുക്കൾക്കിടയിലെ കൈമാറ്റത്തിന് ബാധകമല്ലെന്ന് ഗതാഗത വകുപ്പ്. വാഹനം സമ്മാനമായി നൽകുമ്പോൾ ഗതാഗത വകുപ്പിൽനിന്ന് പ്രത്യേകാനുമതി വാങ്ങണമെന്ന് അധികൃതർ വ്യക്തമാക്കി.
വാഹനത്തിെൻറ ഉടമസ്ഥാവകാശം മാറ്റുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞദിവസം ഗതാഗത വകുപ്പ് മേധാവി ജമാൽ അൽ സായിഗ് ഉത്തരവിറക്കിയിരുന്നു.
വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ബാങ്ക് ചെക്കിെൻറ പകർപ്പോ ട്രാൻസ്ഫർ രസീതിയോ ആണ് ഇടപാട് തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ടത്. എന്നാൽ, ഉടമസ്ഥാവകാശം കൈമാറുന്നത് അടുത്ത ബന്ധുക്കൾ തമ്മിലാണെങ്കിൽ ഈ നിബന്ധന ബാധകമല്ലെന്ന് ഗതാഗത വകുപ്പ് മേധാവി വ്യക്തമാക്കിയിരിക്കുകയാണ്.
പിതാവ്, മക്കൾ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ് എന്നിവർ തമ്മിൽ വാഹനത്തിെൻറ ഉടമസ്ഥാവകാശം മാറ്റുമ്പോൾ പണം നൽകിയതിെൻറ രേഖ ആവശ്യമില്ല. അതേസമയം, സമ്മാനമായാണ് വാഹനം നൽകുന്നതെങ്കിൽ ഗതാഗതവകുപ്പിൽനിന്ന് പ്രത്യേകാനുമതി വാങ്ങണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.