സാൽമിയിൽ വാഹനങ്ങൾക്ക് തീപിടിച്ചു; ബസ് പൂർണമായും നശിച്ചു
text_fieldsകുവൈത്ത് സിറ്റി: സാൽമി മേഖലയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. നാലു വാഹനങ്ങളിലാണ് തീപിടിത്തമുണ്ടായി. ഒരു ബസ് പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
ഷഖയ, ജഹ്റ, ഹർഫി മേഖലകളിലെ അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകാതെ തീയണച്ചെങ്കിലും വാഹനങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്ത കേസുകൾ കൂടിയുണ്ട്. രാജ്യത്ത് ഈ വർഷം ജൂലൈ മൂന്നു വരെ 2,150 തീപിടിത്തമാണ് അഗ്നിശമനസേന കൈകാര്യം ചെയ്തത്.
വാഹനങ്ങൾക്കും തീപിടിക്കുന്നത് പതിവാണ്. അടുത്തിടെ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചിരുന്നു. നിർത്തിയിട്ട വാഹനങ്ങളിലും തീപിടിക്കുന്നുണ്ട്. അശ്രദ്ധയാണ് വാഹനങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണം. വാഹനങ്ങളിലെ ഇന്ധനങ്ങളുടെ സാന്നിധ്യവും ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റും തീ പടരാൻ കാരണമാണ്. വാഹനങ്ങളിലെ സീറ്റുകള് തുണിയും പഞ്ഞിയും കൊണ്ടുണ്ടാക്കുന്നതാണ്. ചെറിയ തീപ്പൊരി പടർന്ന് വലിയ അപകടങ്ങൾക്ക് കാരണമാകാം.
വേനൽക്കാലത്ത് അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് ഗുണകരമാണ്. അടിയന്തര ഘട്ടങ്ങളിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സഹായം തേടാൻ മടിക്കരുത്.
ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- തണലുള്ളിടത്ത് വാഹനങ്ങൾ നിർത്തിയിടുക
- വാഹനത്തിലിരുന്ന് പുകവലിക്കരുത്
- അശ്രദ്ധമായി വാഹനത്തിൽ സാധനങ്ങൾ വലിച്ചുവാരിയിടരുത്
- പവർബാങ്കും പോർട്ടബ്ൾ ചാർജറും പോലെയുള്ള സാധനങ്ങൾ വാഹനത്തിൽ വെക്കരുത്
- കരിയും പുകയും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങൾ അവഗണിക്കരുത്
- ഗ്യാസ് ലൈറ്റർ വാഹനത്തിൽ കരുതരുത്, റേഡിയേറ്ററിൽ വെള്ളം/ കൂളൻറ് ഉണ്ടെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.