ആരോഗ്യ മാർഗനിർദേശ ലംഘനം: 45 കടകൾ അടപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 45 കടകൾക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടി.
കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രം തീവ്രയത്നം നടത്തുമ്പോൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 139 എന്ന ഹോട്ട്ലൈനിലോ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലോ അറിയിക്കണം. 24727732 എന്ന വാട്സ്ആപ് നമ്പറിലും പരാതി അറിയിക്കാമെന്നും അധികൃതർ പറഞ്ഞു.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളിൽ പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി മുനിസിപ്പൽ അധികൃതർ വാണിജ്യ സമുച്ചയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുകയാണ്.
കോവിഡ് കേസുകൾ വർധിക്കുകയും ഒത്തുകൂടലുകൾ വിലക്കി മന്ത്രിസഭ തീരുമാനം വരുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന ശക്തമായത്. പരിശോധന വ്യാപകമായതോടെ വ്യാപാരികളിൽ ചെറിയതോതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷത്തെ കോവിഡ്കാല മാന്ദ്യത്തിന് ശേഷം പതിയെ പച്ചപിടിച്ചു വരുന്നതിനിടയിലാണ് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതും നടപടികൾ കർശനമാക്കുന്നതും. കർഫ്യൂവിലേക്കും ലോക്ഡൗണിലേക്കും ഉടൻ പോകാൻ ഉദ്ദേശ്യമില്ലെന്ന അധികൃതരുടെ പ്രഖ്യാപനമാണ് ആശ്വാസം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.