താമസ, തൊഴിൽ നിയമലംഘനം: പരിശോധന ശക്തം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന കര്‍ശനമാക്കി ആഭ്യന്തര മന്ത്രാലയം. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പഴുതടച്ചുള്ള പരിശോധനയാണ് രാജ്യത്ത് നടന്നുവരുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും തൊഴിൽ നിയമലംഘനങ്ങൾ നടത്തുന്നവരെയും പിടികൂടി നാടുകടത്തും. കഴിഞ്ഞ ദിവസം മഹ്ബൂല, ഫർവാനിയ, സാൽമിയ, ഖൈത്താന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന സുരക്ഷ പരിശോധനയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 130 പേര് പിടിയിലായതായി മന്ത്രാലയം അറിയിച്ചു.
റെസിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന്റെ പരിശോധനയിൽ 130 പ്രവാസികൾ അറസ്റ്റിലായി. ഇവരിൽ അഞ്ചു പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
55 കുപ്പി മദ്യവുമായി മറ്റ് അഞ്ചു പേർ പിടിയിലായി. വ്യാജ വേലക്കാരി ഓഫിസുമായി ബന്ധപ്പെട്ട് മൂന്നുപേർ, ലഹരി ഉപയോഗിച്ച രണ്ടുപേർ, മസാജ് പാർലറിൽ വേശ്യാവൃത്തി നടത്തിയ ഒരാൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവരെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നാടുകടത്തും.
താമസരേഖ കാലാവധി അവസാനിച്ചവര്‍, ഗാര്‍ഹിക വിസയില്‍ രാജ്യത്തെത്തി മറ്റു ജോലികളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരെയാണ് പ്രധാനമായും പരിശോധനകളില്‍ പിടികൂടുന്നത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിനും തൊഴിൽവിപണി ശുദ്ധീകരിക്കുന്നതിന്റെയും ഭാഗമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുമാസത്തിനിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12,000 പേരെയാണ് നാടുകടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.