താമസ നിയമലംഘനം നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധനകൾ തുടരുന്നു. ശനിയാഴ്ച ഫർവാനിയ ഗവർണറേറ്റിൽ കനത്ത പരിശോധനകൾ നടന്നു. നിരവധി പേർ ഇവിടെ നിന്നും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ സ്വകാര്യ സുരക്ഷ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ലയുടെയും മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്വകാര്യ സുരക്ഷ മേഖലക്കൊപ്പം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സും പരിശോധനയിൽ പങ്കാളികളായി. തെരുവുകളിലൂടെ നടന്നുപോകുന്നവരെയും വാഹനങ്ങളിലുള്ളവരെയും ഡ്രൈവർമാരെയും സംഘം പരിശോധിച്ചു. പരിശോധനയിൽ താമസനിയമം ലംഘിച്ച നിരവധി പേരാണ് അറസ്റ്റിലായത്. പിടിയിലായവരെ നിയമനടപടികൾക്കു ശേഷം രാജ്യത്തുനിന്ന് നാടുകടത്തും. താമസ നിയമലംഘകർക്ക് മൂന്നുമാസം അനുവദിച്ച പൊതുമാപ്പ് ജൂൺ 30ന് അവസാനിച്ചതോടെ രാജ്യത്ത് ശക്തമായ പരിശോധനകൾ നടന്നുവരുകയാണ്. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരേത്ത വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളം സുരക്ഷ പരിശോധനകൾ തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. നിയമലംഘകരെ സംരക്ഷിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പരിശോധനയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി കഴിയുന്നവരെ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഫോൺ നമ്പറിൽ (112) അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.