താമസ നിയമ ലംഘനം; പ്രത്യേക സമിതിക്ക് രൂപം നല്‍കും
text_fieldsകുവൈത്ത് സിറ്റി: താമസ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ പിടികൂടുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ഇതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കും. മറ്റ് മന്ത്രാലയങ്ങളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയാകും ഇതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് നിലവില്‍ 130,000 താമസ നിയമലംഘകര്‍ വിവിധ മേഖലകളിലായി ഉണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും പുറത്തിറക്കിയ കണക്ക്. ഇതിൽ നല്ലൊരു ഭാഗവും വ്യാജ കമ്പനികളുടെ സ്പോണ്സര്ഷിപ്പിലാണ്. അനധികൃത താമസക്കാര്‍ക്ക് നിയമാനുസൃത സ്ഥാപനങ്ങളിലേക്ക് മാറാനുള്ള അവസരം നല്‍കാതെ മാതൃ രാജ്യങ്ങളിലേക്ക് തിരികെ അയക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഇത്തരക്കാര്‍ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നനായി ട്രാവല്‍ ബാന്‍ഡും ഏര്‍പ്പെടുത്തുമെന്നാണ് സൂചന. നേരത്തെ നിരവധി തവണ പൊതുമാപ്പ് ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും ഇവരില്‍ ഭൂരിപക്ഷം പേരും പ്രയോജനപ്പെടുത്തിയിരുന്നില്ല.
നിയമലംഘകരില്‍ ഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അനധികൃത താമസക്കാരിൽ നല്ലൊരു ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, താമസ നിയമ ലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് പരിശോധനകൾ നടന്നുവരുകയാണ്. ഇവ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
124 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: താമസ നിയമം ലംഘിച്ച 124 പേർ അറസ്റ്റിലായി. മഹ്ബൂല, ജലീബ് അൽ ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ എന്നിവിടങ്ങളിൽനിന്നാണ് അറസ്റ്റ്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രണ്ടു ദിവസം മുമ്പ് വിവിധ ഇടങ്ങളിൽനിന്ന് 40 പ്രവാസികൾ പിടിയിലായിരുന്നു. രണ്ടുമാസത്തിനിടെ 2000 പേരോളം അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.