താമസനിയമ ലംഘനം: പരിശോധന തുടരും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കായുള്ള സുരക്ഷ പരിശോധനകൾ തുടരുന്നു. പൊതുമാപ്പ് അവസാനിച്ചതോടെ സജീവമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച പൊതുമാപ്പ് അവസാനിച്ചതിനു പിറകെ രാജ്യവ്യാപകമായി ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്.
താമസരേഖകൾ പരിശോധിക്കുന്നതിന് റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെ ഓരോ ഗവർണറേറ്റിലും പദ്ധതി അവർ തയാറാക്കിയാണ് അധികൃതർ നിരത്തിലിറങ്ങുന്നത്. പബ്ലിക് സെക്യൂരിറ്റി, റെസ്ക്യൂ, ട്രാഫിക്, സ്പെഷൽ ഫോഴ്സ് പട്രോളിങ് എന്നിവയെല്ലാം പരിശോധനകളിൽ പങ്കാളിയായി. ഇതിനകം വിവിധ ഗവർണറേറ്റുകളിൽ നിന്നായി ആയിരത്തിലധികം പേർ പിടിയിലായിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞ് ഒളിവിൽ കഴിയുന്നവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇവരെ നടപടികൾക്കു ശേഷം കുവൈത്തിൽ നിന്ന് നാടുകടത്തും.
നിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കാം. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനും പരിശോധന ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി. നിയമലംഘകരുടെ വിവരങ്ങൾ അടിയന്തര നമ്പർ 112 വഴി റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.
നിയമലംഘകരിൽ വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർഷിപ്പുള്ളവരും
കുവൈത്ത് സിറ്റി: താമസ നിയമലംഘകരിൽ വിദ്യാഭ്യാസ മന്ത്രാലയം സ്പോൺസർഷിപ് ഉള്ളവരും. 77 റെസിഡൻസി നിയമ ലംഘകരും 13 വിസിറ്റ് വിസ ലംഘകരും അടക്കം 90 പേരാണ് ഇത്തരത്തിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 90 പുരുഷന്മാരുടെയും സ്ത്രീകളുടെയും പേരുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയം കൈമാറി. ഇവരിൽ ഒരാൾ 30 വർഷവും മറ്റൊരാൾ 22 വർഷവും നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരാണ്. അവരിൽ 49 പേർ ഈജിപ്തുകാരാണ്. സിറിയൻ പൗരത്വമുള്ള 12, ജോർദനിൽ നിന്നുള്ള ആറുപേർ, തുനീഷ്യ, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു പേർ വീതവും നിയമലംഘകരിൽ ഉൾപ്പെടുന്നു.
തുർക്കിയ, ഫിലിപ്പീൻസ്, ഇറാഖ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ജപ്പാൻ, ഇറാൻ, കാനഡ, നോർവേ, ബെനിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. സന്ദർശക വിസയിൽ എത്തി നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന 13ൽ 12 പേരും 16നും 25നും ഇടയിൽ പ്രായമുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.