ഗതാഗത നിയമലംഘനം: കുട്ടികളും മുന്നിൽ
text_fieldsകുവൈത്ത് സിറ്റി: ഈ വർഷം ആദ്യ പകുതിയില്‍ ലൈസൻസില്ലാതെ വാഹനം ഓടിച്ച 940 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. പിടികൂടിയ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡിപ്പാർട്മെന്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്.
ആഭ്യന്തര മന്ത്രി ശൈഖ് തലാലിന്‍റെ നിർദേശപ്രകാരമാണ് വാഹന പരിശോധന കര്‍ശനമാക്കിയത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആറു മാസത്തിനിടെ രാജ്യത്തെ വിവിധ ഗാരേജിൽ നിന്ന് 2,494 വാഹനങ്ങളും 1,540 സൈക്കിളുകളും കണ്ടുകെട്ടി.
ഇതില്‍ 517 വാഹനങ്ങൾ മോഷ്ടിച്ചവയാണ്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ അർദ്ധവാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 798,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്. രാജ്യത്ത് റോഡ് അപകടങ്ങൾ കുറക്കാൻ അധികൃതർ കൃത്യമായി ഇടപെട്ടുവരികയാണ്.
നിയലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തുകയും , വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്യും. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും കുറ്റകൃത്യങ്ങൾ മറച്ചുവെക്കരുതെന്നും പൗരന്മാരോടും താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു. എമർജൻസി ഫോൺ നമ്പറായ 112, അടുത്തുള്ള പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവിരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.