സന്ദർശന വിസ നിയമലംഘനം: നിരവധി പേർ പിടിയിൽ; കുടുംബത്തെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: വിസ നിയമലംഘകർക്കെതിരെ കർശന നടപടി തുടർന്ന് ആഭ്യന്തര മന്ത്രാലയം. വിസ സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന നിരവധിപേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാരുടെ സ്പോൺസർമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണ്.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.
അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്ന ജോർഡൻ കുടുംബത്തെ നാടുകടത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുവൈത്തിൽ പ്രവാസിയായിരുന്ന ജോർഡൻ നിവാസി ഭാര്യയെയും കുട്ടികളെയും കുടുംബ സന്ദർശന വിസയിൽ കുവൈത്തിൽ എത്തിച്ചിരുന്നു. എന്നാൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും കുടുംബം കുവൈത്തിൽതന്നെ തുടർന്നു. ഇതിനാലാണ് നടപടി.
ഭർത്താവിനെയും കുടുംബത്തോടൊപ്പം നാടുകടത്തും. ദീർഘകാലമായി നിർത്തിവെച്ചിരുന്ന കുടുംബ സന്ദർശന വിസ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുനരാരംഭിച്ചത്. ഒരു മാസത്തേക്ക് അനുവദിക്കുന്ന സന്ദർശന വിസ കാലയളവ് അവസാനിച്ചാൽ രാജ്യം വിടുമെന്ന് വിസക്ക് അപേക്ഷിക്കുന്നതിനൊപ്പം സത്യവാങ്മൂലവും നിർബന്ധമാണ്.
താമസ കാലയളവ് ലംഘിച്ചാൽ സന്ദർശകനും സ്പോൺസറും നിയമനടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിൽ ആനുകൂല്യമോ മയപ്പെടലോ ഉണ്ടാകില്ല. നിയമനടപടികളും നാടുകടത്തലും ഒഴിവാക്കാൻ അനുവദിച്ച സമയപരിധി പാലിക്കാൻ എല്ലാ സന്ദർശകരോടും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.