ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പരിശോധന തുടരുന്നു. കഴിഞ്ഞ ആഴ്ച ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് നടത്തിയ പരിശോധനയിൽ 28,000 നിയമലംഘനങ്ങൾ കണ്ടെത്തി.
നൂറിലേറെ വാഹനങ്ങൾ പിടിച്ചെടുത്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച 31 പേരെ അറസ്റ്റ് ചെയ്ത് ട്രാഫിക് പൊലീസിന് കൈമാറി. ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച ഒമ്പത് പ്രായപൂർത്തിയാകാത്തവരെ പിടികൂടി. തിരിച്ചറിയൽ രേഖകളില്ലാത്ത 14 പേർ, കേസുകളിൽ പ്രതികളായ 14 പേർ, മയക്കുമരുന്ന് കൈവശം വെച്ച രണ്ടുപേർ, അസാധാരണമായ അവസ്ഥയിലുള്ള ഒരാൾ എന്നിവരും അറസ്റ്റിലായി. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് (ജി.ടി.ഡി) കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് അൽ റായിയിലെ വർക്ക് ഷോപ്പുകൾ, ഗാരേജുകൾ, ക്രാഫ്റ്റ് ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന കാമ്പെയ്ൻ നടത്തി. കാമ്പയിനിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് 90 നോട്ടീസുകൾ നൽകി. രണ്ട് വാഹനങ്ങൾ കണ്ടുകെട്ടി. ഉപേക്ഷിക്കപ്പെട്ട 18 വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.