കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ: പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഫയർഫോഴ്സ് നിയമലംഘനങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് നടപടിയെന്ന് ഫയർഫോഴ്സ് മേധാവി മേജർ ജനറൽ ഖാലിദ് ഫഹദ് പറഞ്ഞു. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന കാമ്പയിൻ ആരംഭിച്ചത്.
48 മണിക്കൂറിനുള്ളിൽ മൻഗഫ്, മഹ്ബൂല, ഖൈതാൻ, ജിലീബ് അൽ ഷൂയുഖ് എന്നിവിടങ്ങളിലായി 225 നിയമലംഘനങ്ങൾ കണ്ടെത്തി. എല്ലാ ലംഘനങ്ങളും നീക്കം ചെയ്യുന്നതുവരെ പരിശോധന തുടരും. അടിയന്തര സാഹചര്യങ്ങളിൽ വ്യക്തികളെയും സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് മികച്ച സാമൂഹിക സുരക്ഷ പ്രധാനമാണെന്നും ഫഹദ് വ്യക്തമാക്കി. ഫ്ലാറ്റുകളുടെ ബേസ്മെന്റുകളിലുള്ള നിയമവിരുദ്ധ നിർമാണങ്ങൾ, ഘടനമാറ്റം എന്നിവ ഒഴിവാക്കാൻ അധികൃതർ കർശന നിർദേശം നൽകി. പാഴ്വസ്തുക്കളും മറ്റും വരാന്തകളിലും ഗോവണികളിലും കൂട്ടിയിടരുതെന്നും തീപിടിത്ത നിയന്ത്രണ മുൻകരുതൽ ഉറപ്പാക്കാനും കെട്ടിടങ്ങൾക്കും താമസകേന്ദ്രങ്ങൾക്കും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.