നിയമലംഘനങ്ങൾ: പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്ത് പരിശോധന തുടരുന്നു. വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസവും വ്യാപക പരിശോധന നടന്നു. സാൽമിയയിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ നിരവധി താമസലംഘകരെയും രേഖകൾ ഇല്ലാത്തവരെയും അറസ്റ്റ് ചെയ്തു. ഫർവാനിയയിൽ ദിവസങ്ങളായി പരിശോധന തുടരുന്നുണ്ട്.
മറ്റൊരു പരിശോധനയിൽ താമസരേഖകളില്ലാത്ത നാലു സ്ത്രീകളും ഒരു പുരുഷനും മനുഷ്യക്കടത്ത് തടയുന്ന ആഭ്യന്തരമന്ത്രാലയം വിഭാഗത്തിന്റെ പിടിയിലായി. മണിക്കൂറിന് 20 ദീനാർ വരെ ഈടാക്കി അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇവർക്കെതിരെ നിയമനടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്ത് സെൻട്രൽ ജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് സാമ്പിൾ പിടികൂടി. മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റിന്റെയും പ്രത്യേക സംഘത്തിന്റെയും ഏകോപനത്തിലാണ് പരിശോധന നടത്തിയത്. ജയിലിൽ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഇവിടെ പരിശോധന. സമൂഹത്തിൽ ഗുരുതരമായ അപകടമുണ്ടാക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തിന്റെ അപകടങ്ങൾക്കെതിരെ നടപടികളും സുരക്ഷയും ശക്തമാക്കണമെന്ന് മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് സുരക്ഷാ ഉദ്യോഗസഥരുമായുള്ള കൂടിക്കാഴ്ചയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിയമങ്ങൾ ലംഘിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും നിയമം ലംഘിക്കുന്നവർക്ക് അഭയം നൽകരുതെന്നും ആവശ്യപ്പെട്ടു.
അതിനിടെ, നിയമവിരുദ്ധമായ ഒത്തുചേരലുകളിൽ പങ്കെടുത്തതിനും നിയമങ്ങൾ ലംഘിക്കാൻ പ്രേരിപ്പിച്ചതിനും നാല് കുവൈത്തികളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതേ കുറ്റത്തിന് 17 ബദൂയിൻമാരെയും പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.