ഡോക്ടർമാർക്കെതിരെ അതിക്രമം: നിയമനടപടിയുമായി കുവൈത്ത് മെഡിക്കൽ അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തിൽ നിയമനടപടിയുമായി കുവൈത്ത് മെഡിക്കൽ അസോസിയേഷൻ.
നാല് കേസുകളാണ് സംഘടന ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുള്ളതെന്ന് പ്രസിഡൻറ് ഡോ. അഹ്മദ് അൽ ഇനീസി പറഞ്ഞു. തെറ്റായ വിവരങ്ങളുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരുടെ അന്തസ്സ് മാനിക്കാതെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാമാരിയെ നേരിടുന്നതിെൻറ ഭാഗമായി ജീവൻപോലും പണയംവെച്ച് ത്യാഗമനസ്സോടെ പ്രവർത്തിക്കുന്ന ആരോഗ്യജീവനക്കാരോട് മാന്യമായി പെരുമാറണം.
ഇത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആരോഗ്യ മന്ത്രാലയം സുതാര്യമായി എല്ലാവർക്കും ലഭ്യമാക്കുന്നുണ്ട്.
ഉൗഹാപോഹങ്ങളെ അടിസ്ഥാനമാക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് ഡോ. അഹ്മദ് അൽ ഇനീസി പറഞ്ഞു. ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇതിന് തടയിടാൻ കർശന ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം നടത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആവശ്യം.
ആശുപത്രികളിൽ മതിയായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിസപ്ഷൻ ഭാഗത്താണ് അധികം അതിക്രമങ്ങളും ഉണ്ടാകുന്നത്. ഇവിടെ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആരോഗ്യ വകുപ്പിെൻറ ആവശ്യം.
അതേസമയം, ഒാരോ ഡോക്ടർമാരുടെയും കാബിന് മുന്നിൽ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നും നിയമനിർമാണത്തിലൂടെ ശിക്ഷ കടുപ്പിക്കുകയും നടപടികൾ ശക്തമാക്കുകയുമാണ് പരിഹാരമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നിലപാട്.
രോഗികളും കൂടെ എത്തുന്നവരും ചെറിയ കാരണങ്ങൾക്കും അകാരണമായും പ്രകോപിതരാവുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നത് ആവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.