സാങ്കൽപ്പിക കമ്പനികളുടെ പേരിൽ വിസ തട്ടിപ്പ്; ആറു പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വിസ തട്ടിപ്പുകാർക്കെതിരെ നടപടി തുടരുന്നു. സാങ്കൽപിക കമ്പനികൾ സ്ഥാപിച്ച് വിസ തട്ടിപ്പിൽ ഏർപ്പെട്ട സംഘത്തെ ബുധനാഴ്ച ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സിറിയൻ, ഈജിപ്ഷ്യൻ സ്വദേശികളായ ആറുപേരാണ് പിടിയിലായത്. ഒരു തൊഴിലാളിയിൽ നിന്ന് 350 മുതൽ 1000 ദീനാർ വരെയുള്ള തുകകൾക്കാണ് ഇവർ വിസ കച്ചവടം നടത്തിയിരുന്നത്.
റെസിഡൻസി കച്ചവടക്കാരെ കർശനമായി നേരിടാൻ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെസിഡൻസി വ്യാപാരം നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായുള്ള സുരക്ഷാ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാണിച്ചും സാങ്കൽപിക കമ്പനികൾ സ്ഥാപിച്ച് റസിഡൻസി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നവരാണ് പിടിയിലായ സംഘം. പണം കൈപ്പറ്റി നിരവധി തൊഴിലാളികളെ സംഘം രാജ്യത്തേക്ക് കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
350 മുതൽ 1000 ദീനാർ വരെയുള്ള തുകകൾ വിസക്ക് ഈടാക്കിയിരുന്നു. സംഘത്തെ റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് നിരീക്ഷിച്ചുവരികയായിരുന്നു. വിഷയത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തു.
നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. വിസ കച്ചവടം നിയമ ലംഘനം എന്നിവ കർശനമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വൻ തുകക്ക് വിസ കച്ചവടം നടത്തുന്ന മറ്റൊരു സംഘത്തെ കഴിഞ്ഞ ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.