ജനുവരി അഞ്ചു മുതൽ വിസ; നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴകൾ പുതുവർഷത്തിൽ നടപ്പിലാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സന്ദർശക വിസയിൽ എത്തി താമസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദീനാർ ഈടാക്കുന്നത് അടക്കമുള്ള വർധനയാണ് നടപ്പാക്കുന്നത്. റസിഡൻസി കാലാവധി കഴിഞ്ഞവർക്കും രാജ്യം വിടാതെ തുടരുന്നവർക്കും പുതിയ സംവിധാനം ബാധകമാണ്. നേരത്തേ ഉണ്ടായിരുന്ന പരമാവധി പിഴയായ 600 ദീനാറിൽ നിന്ന് ഗണ്യമായ വർധന പുതിയ പിഴകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പിഴ പ്രകാരം നിയമം ലംഘിച്ച റസിഡൻസി ഉടമകൾക്ക് പരമാവധി 1200 ദീനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തും. പുതിയ പിഴകൾ ഉൾപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം കമ്പ്യൂട്ടർ സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റെസിഡൻസി ചട്ടങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ ലക്ഷ്യമിടുന്നത്.
പുതിയ പിഴ
- നവജാതശിശുക്കളെ രജിസ്റ്റർ ചെയ്യാതിരുന്നാൽ ആദ്യ മാസത്തേക്ക് രണ്ടു ദീനാർ (4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം) തുടർന്നുള്ള മാസങ്ങൾക്ക് നാലു ദീനാർ, പരമാവധി പിഴ: 2,000 ദീനാർ.
- തൊഴിൽ വിസ ലംഘനങ്ങൾ: ആദ്യ മാസത്തേക്ക് രണ്ടു ദീനാർ (4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം) തുടർന്നുള്ള മാസങ്ങൾക്ക് 4 ദിനാർ, പരമാവധി പിഴ: 1,200 ദീനാർ.
- സന്ദർശന വിസ കാലാവധി കഴിഞ്ഞാൽ: പ്രതിദിനം 10 ദീനാർ, പരമാവധി പിഴ: 2,000 ദീനാർ.
- വീട്ടുജോലിക്കാരുടെ നിയമലംഘനം:താൽക്കാലിക റസിഡൻസി അല്ലെങ്കിൽ പുറപ്പെടൽ നോട്ടിസ് ലംഘനങ്ങൾക്ക് പ്രതിദിനം രണ്ടു ദീനാർ, പരമാവധി പിഴ: 600 ദീനാർ.
- റസിഡൻസി റദ്ദാക്കൽ (ആർട്ടിക്കിൾ 17, 18, 20):ആദ്യ മാസത്തേക്ക് പ്രതിദിനം രണ്ടു ദീനാർ,അതിനുശേഷം പ്രതിദിനം നാലു ദിനാർ,പരമാവധി പിഴ: 1,200 ദീനാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.