വിസക്കച്ചവടത്തിന് തട്ടിപ്പുകമ്പനികൾ: കുവൈത്തില്‍ പരിശോധന ഉൗർജിതമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിസക്കച്ചവടം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനവശേഷി വകുപ്പ് പരിശോധന ഊർജിതമാക്കി. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ റെയ്ഡിൽ ഇത്തരത്തിലുള്ള 843 കമ്പനികൾ കണ്ടെത്തി. നിയമലംഘനം നടത്തിയ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. ഹവല്ലി, ഫർവാനിയ, കാപിറ്റൽ ഗവർണറേറ്റുകളിൽ ഞായറാഴ്ച വൈകീട്ടായിരുന്നു പരിശോധന. മാൻപവർ അതോറിറ്റിയിലെ പരിശോധക സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് മൂന്നു പ്രവിശ്യകളിലും ഒരേ സമയം റെയ്ഡ് നടത്തുകയായിരുന്നു.
വിസക്കച്ചവടത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന 843 സ്ഥാപനങ്ങളെ കോഡ് 71 ഗണത്തിൽപെടുത്തുകയും ഫയലുകൾ താൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. കാപിറ്റൽ മേഖലയിൽ 181 ഓഫിസുകളും ഹവല്ലിയിൽ 314ഉം ഫർവാനിയയിൽ 348 ഓഫിസുകളുമാണ് ആണ് വിസക്കച്ചവടത്തിനായി മാത്രം തുറന്നു പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇൗ കമ്പനികൾക്ക് കീഴിലായി 5911 വിദേശ തൊഴിലാളികൾ രാജ്യത്ത് എത്തിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
വാണിജ്യപരമോ ഉൽപാദനപരമോ ആയ ഒരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിന് മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തുന്നതെന്നും മാൻപവർ അതോറിറ്റി ആക്ടിങ് ഡയറക്ടർ അഹമ്മദ് അൽ മൂസ പറഞ്ഞു. വ്യാജ കമ്പനികൾക്ക് കീഴിലെത്തിയ മുഴുവൻ തൊഴിലാളികളും മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്. വാണിജ്യമന്ത്രാലയം, സിവിൽ ഇൻഫർമേഷൻ അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ടു കമ്പനികളുടെ രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് വരുകയാണെന്നും നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.