എൻജിനീയർമാരുടെ വിസ പ്രശ്നം: കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘം ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി.
ജൂലൈ 15നകം ഇന്ത്യയിലെ അംഗീകൃത എൻജിനീയറിങ് കോളജുകളുടെ വിശദാംശങ്ങൾ കൈമാറാമെന്ന് മാനവ വിഭവ വകുപ്പ് കുവൈത്ത് സംഘത്തിന് ഉറപ്പുനൽകിയതായാണ് വിവരം. കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനിയേഴ്സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സംഘമാണ് ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കഴിഞ്ഞ ആഴ്ച ഇന്ത്യയിലെത്തിയത്.
കേന്ദ്ര മാനവ വിഭവ മന്ത്രി പ്രകാശ് ജാവ്ദേക്കറുമായും യു.ജി,സി, എൻ.ബി.എ, എ.ഐ.സി.ടി.ഇ, ഡൽഹി ഐ.ഐ.ടി എന്നിവയിലെ ഉദ്യോഗസ്ഥരുമായും സംഘം ചർച്ച നടത്തി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളും എൻജിനീയറിങ് കോളജുകളുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് വിവിധ വകുപ്പുകൾ പ്രതിനിധി സംഘത്തിന് വിശദീകരിച്ചു നൽകി. ജൂലൈ 15നകം ഇന്ത്യയിലെ മുഴുവൻ അംഗീകൃത എൻജിനീയറിങ് കോളജുകളുമുൾപ്പെടുന്ന സമഗ്രമായ പട്ടിക കൈമാറാമെന്ന് മാനവ വിഭവ വകുപ്പ് കുവൈത്ത് സംഘത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.
ഈ പട്ടിക അടിസ്ഥാനമാക്കി പ്രത്യേക റിപ്പോർട്ട് തയാറാക്കുകയും എൻജിനീയേഴ്സ് സൊസൈറ്റി ഭരണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യും. സൊസൈറ്റിയുടെ എൻ.ഒ.സി ലഭിക്കാത്തതിനാൽ വിസാ നടപടികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന ഇന്ത്യൻ എൻജിനീയർമാർക്ക് അനുകൂലമായ തീരുമാനം കെ.എസ്.ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.