വിസ പുതുക്കൽ പ്രായപരിധി: ആരോഗ്യ ഇൻഷുറൻസ് വലിയ തുക ഭാരമാകും
text_fieldsകുവൈത്ത് സിറ്റി: ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് വേണമെന്ന നിബന്ധന വെച്ചത് ഈ വിഭാഗത്തിൽപെടുന്നവർക്ക് ഭാരമാകും. ഇൻഷുറൻസ് പ്രീമിയമായി വലിയ തുക അടക്കേണ്ടി വരും എന്നാണ് സൂചന. കൃത്യമായ തുക ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. ഇൻഷുറൻസ് കമ്പനികളുടെ യൂനിയൻ അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് യോഗം ചേരും.
ഒരാൾക്ക് 500 ദീനാർ വരെ ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഇതിന് 10,000 ദീനാറിന്റെ ഇൻഷുറൻസ് കവറേജ് ലഭിക്കും. 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർ ഒരു വർഷത്തേക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ 250 ദീനാർ അധിക ഫീസ് നൽകണം. ഇതിന് പുറമെയാണ് ആരോഗ്യ ഇൻഷുറൻസ്.
റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികംപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് വേണ്ട വലിയ തുക കൂടി മുടക്കി എത്രപേർക്ക് തൊഴിൽ പെർമിറ്റ് പുതുക്കാൻ കഴിയുമെന്ന് കണ്ടറിയണം. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമായപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു. 50,000ത്തിന് മുകളിൽ ആളുകൾ പ്രായപരിധി നിയന്ത്രണത്തെത്തുടർന്ന് വിസ പുതുക്കാനാവാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.