പ്രതീക്ഷയുടെ കണിയൊരുക്കി പ്രവാസലോകത്തും വിഷു
text_fieldsകുവൈത്ത് സിറ്റി: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷം പ്രവാസലോകത്തും. നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ ഗൃഹാതുരത്വം കാരണം കഴിയുന്നവിധം പരമ്പരാഗത രീതിയിൽ തന്നെ ആഘോഷിക്കാൻ പലരും നേരത്തേതന്നെ ഒരുക്കം നടത്തി. ഹൈന്ദവ വിശ്വാസികൾ വിഷുവിന് കണികാണാനുള്ള സംവിധാനങ്ങൾ വീട്ടിൽ ഒരുക്കി. ഓട്ടുരുളി മുതൽ വെറ്റിലയും പഴുക്കടക്കയും കണിവെള്ളരിയും കൊന്നപ്പൂവും വരെ ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണനം നടന്നു. വ്യാപാര സ്ഥാപനങ്ങളിൽ വിഷു ഓഫറുകളും അലങ്കാരങ്ങളും പ്രത്യേക സ്റ്റോക്കുമായി നേരത്തേ തന്നെ വിഷു ഒരുക്കം നടത്തി. ചില ക്രൈസ്തവ ഭവനങ്ങളിലും കണികാണുന്നതിന് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇത്തവണ വിഷു വെള്ളിയാഴ്ചയായതിനാൽ ജോലിയുള്ളതിന്റെ ബുദ്ധിമുട്ടില്ലാതെ വിഷു ആഘോഷിക്കാം. മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കാറുള്ളത്. എന്നാൽ, ഇത്തവണ മേടം രണ്ടിനാണെന്ന പ്രത്യേകതയുണ്ട്. മേടം ഒന്നിന് സൂര്യോദയത്തിനുശേഷമാണ് സംക്രമം വരുന്നത് എന്നതിനാലാണ് ഇത്തവണ വിഷു മേടം രണ്ടിനായത്.
വരാനിരിക്കുന്ന ഒരു വർഷത്തിന്റെ പ്രതീക്ഷയാണ് കണ്ണിന് പൊൻകണിയായി ഒരുക്കുന്നത്. സംഘടനാതലത്തിൽ കുവൈത്തിൽ ഓണാഘോഷത്തെ പോലെ സജീവമല്ല വിഷു. ഭവനങ്ങളിൽ രാവിലത്തെ കണികാണലും ആചാരപരമായ മറ്റുകാര്യങ്ങളും കഴിഞ്ഞതിനുശേഷം സദ്യവട്ടങ്ങളുടെ ഒരുക്കം തുടങ്ങുകയായി. വിമാനമേറി വരുന്ന തൂശനിലയിൽ നാടൻ സദ്യയുണ്ട് ടെലിവിഷനിലെ വിഷുപരിപാടികൾ കാണുന്നതിലൊതുങ്ങും പൊതുവിൽ പ്രവാസലോകത്തെ ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.