കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു
text_fieldsകുവൈത്ത് സിറ്റി: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. സ്വർണക്കൊലുസിട്ടെന്നപോലെ മഞ്ഞ നിറമാർന്നു പൂത്തു നിൽക്കുന്ന കൊന്നയും, വിളഞ്ഞു നിൽക്കുന്ന വെള്ളരിയും നേരിട്ടുള്ള കാഴ്ചയല്ലെങ്കിലും കടൽ കടന്നെത്തുന്ന ഇവയെല്ലാം വീട്ടിലെത്തിച്ച് പ്രവാസികളും കണികാണും.
നാട്ടിലെ വിഷുവിന്റെ അത്ര പൊലിമ ഇല്ലെങ്കിലും ഉള്ള വസ്തുക്കൾ ഒരുക്കിയാണ് പ്രവാസികളുടെ കണികാണൽ. കണിവെള്ളരിയും കൊന്നപ്പൂവും, തൂശനിലയുമെല്ലാം മാർക്കറ്റുകളിൽ നേരത്തെ വിൽപ്പനക്കെത്തിയിട്ടുണ്ട്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നന്മയുടെ പ്രതീക്ഷയിലേക്കാണ് ഒരോ മലയാളിയും കണി കണ്ടുണരുന്നത്.
മലയാളികൾക്ക് പുത്തൻ പ്രതീക്ഷകളുടെ പുതുവർഷപ്പുലരി കൂടിയാണ് വിഷു. വിളവെടുപ്പിന്റെ ഉത്സവം കൂടിയായ വിഷു പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ ഓർമകൾ കൂടിയാണ്.
കേരളമെന്ന കൊച്ചു നാടും, നാട്ടുകാരും ആഘോഷങ്ങളും ഓർമകളിലേക്ക് ഓടിയെത്തുന്ന ദിവസം.
ഇത്തവണ പെരുന്നാൾ അവധി കഴിഞ്ഞ് സ്ഥാപനങ്ങൾ പ്രവർത്തി തുടങ്ങുന്ന ദിവസമാണ് ഇന്ന്. ആയതിനാൽ ജോലികഴിഞ്ഞ് വന്നിട്ടാകും മിക്കവരുടെയും ആഘോഷങ്ങൾ. കുവൈത്തിൽ സംഘടനാതലത്തിൽ ഓണാഘോഷത്തെ പോലെ സജീവമല്ല വിഷു. എന്നാൽ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയവർ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ചാണ് മടങ്ങിവരിക. വിമാനം കയറി വരുന്ന തൂശനിലയിൽ സദ്യയുണ്ട്, ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും വിഷു ആശംസകൾ കൈമാറി പ്രവാസികൾ ആഘോഷഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.