കുവൈത്തിൽ സന്ദർശകവിസ വൈകാതെ അനുവദിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ വൈകാതെ അനുവദിച്ചുതുടങ്ങുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ആദ്യവാരമോ രണ്ടാം വാരമോ അനുവദിക്കുമെന്നാണ് വിവരം. ഇപ്പോൾ കമേഴ്സ്യൽ, ഫാമിലി സന്ദർശക വിസകൾ മന്ത്രിസഭയുടെയും കൊറോണ എമർജൻസി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തിൽ അനുവദിച്ചിട്ടുള്ളൂ. ഇതിൽ അധികവും ആരോഗ്യമേഖലയിലെയും തൊഴിൽമേഖലക്ക് ആവശ്യമായ ചില പ്രഫഷനലുകളിലെ ഉപദേശകരുമായിരുന്നു. ദീർഘനാളായി അവധിയെടുത്ത് നാട്ടിൽപോകാൻ കഴിയാത്ത പ്രവാസികൾ സന്ദർശക വിസയിൽ കുടുംബത്തെ കൊണ്ടുവരാൻ അവസരം കാത്തിരിക്കുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ ഏറക്കുറെ നീക്കി.പുതിയ കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ടി.പി.ആർ നിരക്കും കുറഞ്ഞുവരുന്നത് ആശ്വാസമാണ്. പ്രതിരോധ കുത്തിവെപ്പിൽ ഗണ്യമായ പുരോഗതി കൈവരിച്ചതിന്റെ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് അടുത്തുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.