സന്ദർശക വിസക്ക് ആരോഗ്യ ഇൻഷുറൻസ് വേണമെന്ന് നിർദേശം
text_fieldsഇൻഷുറൻസ് ഫെഡറേഷൻ നിർദേശം സർക്കാർ പരിഗണനയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യാവശ്യാർഥമുള്ള സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സാധ്യത.
ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇൻഷുറൻസ് ഫെഡറേഷൻ സമർപ്പിച്ച നിർദേശം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ഫെഡറേഷൻ ചെയർമാൻ ഖാലിദ് അൽ ഹസ്സനെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വാണിജ്യ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം 20 ദീനാറിന്റെ മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കാനാണ് ഫെഡറേഷന്റെ നിർദേശം.
സന്ദർശകന്റെ താമസകാലയളവ് ഒരു ദിവസമാണെങ്കിലും ഇൻഷുറൻസ് തുകയിൽ മാറ്റമുണ്ടാകില്ല. ഒരുമാസത്തിനു ശേഷം വിസ കാലാവധി നീട്ടുകയാണെങ്കിൽ ഓരോ മാസത്തിനും പത്ത് ദീനാർ വീതം ഈടാക്കി ഇൻഷുറൻസ് പുതുക്കിനൽകാമെന്നും ഇൻഷുറൻസ് കമ്പനികൾ സർക്കാറിനെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് പാർലമെന്റിൽ നേരത്തെ നിർദേശം ഉയർന്നിരുന്നു. ടൂറിസ്റ്റ്, കുടുംബ സന്ദർശനം, വാണിജ്യം തുടങ്ങിയ എല്ലാ വിഭാഗത്തിനും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കണമെന്നായിരുന്നു പാർലമെന്റിൽ ഉയർന്നുവന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.