15 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈത്ത് ജീവപര്യന്തമാക്കിയതായി മന്ത്രി ലോക്സഭയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കിയതായി അറിയിപ്പ് ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയെ അറിയിച്ചു.
പ്രത്യേക അമീരി ഉത്തരവ് പ്രകാരം 119 ഇന്ത്യക്കാരുടെ തടവുശിക്ഷ ലഘൂകരിച്ചതായും ചോദ്യത്തിനുത്തരമായി മന്ത്രി വ്യക്തമാക്കി. എന്നാൽ, ഇതാരൊക്കെയെന്നും എന്നുമുതലാണ് ശിക്ഷയിളവ് ബാധകമാവുകയെന്നും മന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. 119 പേരിൽ 53 ആളുകളുടെ ജീവപര്യന്തം തടവ് 20 വർഷമായാണ് കുറക്കുന്നത്. 22 പേരെ മോചിപ്പിക്കും.
18 പേരുടെ തടവുകാലം ഒമ്പതുമാസമായും 25 പേരുടേത് ആറുമാസമായും ഒരാളുടേത് മൂന്നുമാസമായുമാണ് കുറക്കുക. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്ത് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിഷയം ഉഭയകക്ഷി തലത്തിൽ ചർച്ചചെയ്യുന്നുണ്ടെന്നും ഇവർക്ക് ശിക്ഷയിളവ് ലഭ്യമാക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ഇത്രയധികം പേർക്ക് ശിക്ഷയിളവ് നൽകുന്നത് സംബന്ധിച്ച് കുവൈത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നുമില്ല. ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് അമീരി കാരുണ്യത്തിെൻറ ഭാഗമായി എല്ലാ വർഷവും തടവുകാർക്ക് ശിക്ഷയിളവ് നൽകാറുണ്ട്.
ഇത്തവണ ഇളവുനൽകേണ്ട തടവുകാരുടെ പട്ടിക ജയിൽവകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 1207 പേർക്കാണ് അമീരി കാരുണ്യത്തിെൻറ ആനുകൂല്യം ലഭിച്ചത്. 261 തടവുകാരെ മോചിപ്പിച്ചു. 757 പേരുടെ തടവുകാലാവധി കുറച്ചുകൊടുക്കുകയും ചെയ്തു. നാടുകടത്തൽ ശിക്ഷക്ക് വിധിച്ച 189 പേർക്ക് കുവൈത്തിൽ തുടരാൻ അനുമതിയും നൽകി. കുറ്റകൃത്യത്തിെൻറ ഗൗരവം, തടവുകാലത്തെ നല്ലനടപ്പ് തുടങ്ങിയവ പരിഗണിച്ച് ഉടനെയുള്ള ജയിൽമോചനം, ശിക്ഷ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലിൽനിന്നുള്ള വിടുതൽ തുടങ്ങിയ ഇളവുകളാണ് തടവുകാർക്ക് അനുവദിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിച്ചു. അമീരി കാരുണ്യത്തിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇത്തവണ കൂടുതൽ വിശാലമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.