വഖഫ് ഭേദഗതി നിയമം വ്യക്തമായ ഭരണഘടന ലംഘനം- കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: വഖഫ് ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) പ്രവർത്തക സമിതി.
എല്ലാ മതങ്ങളുടെയും, വിശിഷ്യാ ന്യൂനപക്ഷ മതങ്ങളുടെ സ്വത്തുക്കളിൽ പിടിമുറുക്കാനുള്ള സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ് നിയമം. ഇതൊരു മുസ്ലിം പ്രശ്നം മാത്രമായി ചുരുക്കപ്പെടാൻ സാധിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ ക്രൈസ്തവ, സിഖ് തുടങ്ങിയ ഇതര മത ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടി വരും. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും ബാധ്യതയാണെന്നും കെ.കെ.ഐ.സി പ്രമേയത്തിൽ വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളുടെ മേൽ അവകാശവാദങ്ങൾ ഉന്നയിച്ച് പ്രകോപനം സൃഷ്ടിക്കുന്ന സംഘ്പരിവാർ നീക്കങ്ങൾ രാജ്യത്ത് വർധിക്കുകയാണ്. അത്തരം ശ്രമങ്ങൾക്ക് നിയമത്തിന്റെ പിൻബലം നൽകി വഖഫ് സ്വത്തുക്കൾ ‘ഡിസ്പ്യൂട്ട് ലാൻഡ്’ ആക്കി മാറ്റാനാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത് അറ്റമില്ലാത്ത വിവാദങ്ങൾക്കും അവസാനമില്ലാത്ത കുഴപ്പങ്ങൾക്കുമാണ്.
ഇതിൽ ഏതെങ്കിലും ഒരു മതവിഭാഗം മാത്രം ഇരയാക്കപ്പെടുമെന്ന് ചിന്തിക്കുന്നവർ സംഘ്പരിവാറിന്റെ കുത്സിത അജണ്ടകളെ തിരിച്ചറിയാത്തവരാണ്. സംഘ്പരിവാർ അജണ്ടകളിൽ മത നേതൃത്വങ്ങൾക്കും മതനിരപേക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു. പ്രവർത്തകസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും, പി.ആർ. സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.