പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ; ഊഷ്മള സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലെത്തി. ശനിയാഴ്ച 11.30 ഓടെ കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ അമീരി ടെർമിനലിൽ കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‍യ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചക്കുശേഷം 2.50ന് ഫഹദ് അല്‍ അഹമദിലെ ഗള്‍ഫ് സ്പൈക്ക് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ തൊഴിലാളികളെ കാണും. വൈകീട്ട് 3.50ന് ശൈഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംബ്ലക്സിൽ നടക്കുന്ന കമ്യൂനിറ്റി ഇവൻ്റിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ക്ഷണിക്കപ്പെട്ടവർക്കുമാത്രമാണ് ഇവിടെ പ്രവേശനം. വിവിധ കലാപരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് 6.30ന് ജാബിർ സ്റ്റേഡിയത്തിൽ ഗൾഫ് കപ്പ് ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
ഞായറാഴ്ച ബയാൻപാലസിൽ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായി കൂടികാഴ്ചയും ഇന്ത്യ-കുവെത്ത് സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിക്കും.
നീണ്ട 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നിക്ഷേപ സാധ്യതകൾ, സഹകര കരാറുകൾ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് സന്ദർശനം. കുവൈത്തിലെ എറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.