ഒമിക്രോൺ തരംഗം മൂർധന്യാവസ്ഥയിലെത്തുമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ കോവിഡിെൻറ ഒമിക്രോൺ തരംഗം വൈകാതെ മൂർധന്യാവസ്ഥയിലെത്തുമെന്ന് കുവൈത്തിലെ കൊറോണ എമർജൻസി കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല മുന്നറിയിപ്പ് നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആനുപാതിക വർധനയുണ്ടാകും.
പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാത്തവരിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന വിധത്തിലുള്ള ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതൽ. വാക്സിനെടുക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നതിനാൽ കാമ്പയിൻ ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ വിജയകരമായി മറികടക്കുന്നതിൽ വാക്സിനേഷൻ കാമ്പയിൻ വലിയ പങ്കുവഹിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
ദേശീയാടിസ്ഥാനത്തിൽ സമയബന്ധിതമായും വ്യവസ്ഥാപിതമായും നടത്തിയ കാമ്പയിനിലൂടെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ അധികൃതർക്ക് സാധിച്ചു. അതേസമയം, കോവിഡ് കേസുകൾ ഉയരുമ്പോഴും വലിയൊരു വിഭാഗം ആളുകൾ വാക്സിനെടുക്കാൻ മടിക്കുന്നത് അധികൃതർക്ക് തലവേദനയാകുന്നു. ആറുലക്ഷത്തോളം പേർ രാജ്യത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ബാക്കിയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ കണക്ക്. സാമൂഹിക പ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തുവരുന്നതിനിടയിലാണ് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കിത്തുടങ്ങിയത്.
4,517 പേർക്ക് കോവിഡ്; 1,785 രോഗമുക്തി. ഒരു മരണം; തീവ്ര പരിചരണ വിഭാഗത്തിൽ 26 പേർ
കുവൈത്ത് സിറ്റി: കുവൈത്തിൽ 4,517 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,60,828 ആയി. ശനിയാഴ്ച 1,785 പേർ ഉൾപ്പെടെ 4,19,199 പേർ രോഗമുക്തരായി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2475 ആയി. 31,944 പേർക്കുകൂടിയാണ് പരിശോധന നടത്തിയത്. 39,154 ആണ് ആക്ടീവ് കോവിഡ് കേസുകൾ. 254 പേർ ആശുപത്രി വാർഡുകളിൽ ചികിത്സയിൽ കഴിയുന്നു. 26 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
സൗദി (39,506), ബഹ്റൈൻ (17,415), ഖത്തർ (39,166), യു.എ.ഇ (40,780), ഒമാൻ (4,761) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.