പൂഴ്ത്തിവെപ്പിനെതിരെ സഹകരണ സംഘങ്ങൾക്ക് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പിനെതിരെ സഹകരണ സംഘങ്ങൾക്ക് സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ചില സഹകരണ സൂപ്പർമാർക്കറ്റുകൾ ശീതീകരിച്ച കോഴിയിറച്ചി സ്റ്റോക്ക് ഉണ്ടായിട്ടും ഷെൽഫുകളിൽ പ്രദർശിപ്പിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. സാമൂഹികക്ഷേമ മന്ത്രാലയത്തിലെ പരിശോധക വിഭാഗത്തിന്റെ പര്യടനത്തിനിടെയാണ് ചില സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ശീതീകരിച്ച കോഴിയിറച്ചി പ്രദർശിപ്പിക്കാത്തത് ശ്രദ്ധയിൽപെട്ടത്.
രജിസ്റ്ററിൽ ശീതീകരിച്ച ചിക്കൻ സ്റ്റോക്കുള്ളതായും കണ്ടെത്തി. ഇതേത്തുടർന്നാണ് സ്റ്റോക്കുള്ള ഉൽപന്നങ്ങൾ ഷെൽഫുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് അധികൃതർ നിർദേശം നൽകിയത്.
നിർദേശം അവഗണിച്ച് ഉൽപന്നങ്ങൾ പൂഴ്ത്തിവെക്കുന്ന സഹകരണസംഘങ്ങൾക്കെതിരെ ഭരണസമിതി പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സാമൂഹികക്ഷേമ മന്ത്രി മുബാറക് അൽ-ആരോയുടെ നിർദേശപ്രകാരം രാജ്യത്തെ സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് ഫീൽഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സാമൂഹിക ക്ഷേമ മന്ത്രാലയത്തിലെ സഹകരണ വിഭാഗം കോഓപറേറ്റിവ് കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റ് വാണിജ്യമന്ത്രാലയത്തിലെ കോമ്പിറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി, കസ്റ്റംസ് വകുപ്പ്, കാർഷിക മത്സ്യവികസന അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഫീൽഡ് പര്യടനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.