22 അറബ് രാജ്യങ്ങളിൽ 19 ഇടത്തും ജല ദൗർലഭ്യം
text_fieldsകുവൈത്ത് സിറ്റി: അറബ് മേഖലയിലെ ജല ദൗർലഭ്യം ചർച്ച ചെയ്യാൻ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ യു.എൻ സ്ഥിരം പ്രതിനിധികൾ യോഗം ചേർന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന യു.എൻ ജല സമ്മേളനത്തിന് മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചതെന്ന് യുഎന്നിലെ കുവൈത്ത് പ്രതിനിധി മൻസൂർ അൽ ഉതൈബി പറഞ്ഞു. യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യയുടെ ഏകോപനത്തിലാണ് അറബ് രാജ്യങ്ങളുടെ യു.എൻ പ്രതിനിധികൾ യോഗം ചേർന്നത്.
കുവൈത്തിന് പുറമെ ഈജിപ്ത്, ഇറാഖ്, ജോർഡൻ, ലബനാൻ, തുനീഷ്യ എന്നീ രാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. 22 അറബ് രാജ്യങ്ങളിൽ 19 ഇടങ്ങളിലും ജല ദൗർലഭ്യം പ്രധാന പ്രശ്‍നമായി നിലനിൽക്കുന്നതിനാൽ വിഷയം കൈകാര്യം ചെയ്യാൻ ആഗോളതലത്തിലും പ്രാദേശികമായും സഹകരിച്ചുള്ള ശ്രമങ്ങൾ ആവശ്യമാണെന്ന നിർദേശം യോഗത്തിൽ ഉയർന്നു.
ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ വെസ്റ്റേൺ ഏഷ്യ പ്രതിനിധികളും നെതർലാൻഡ്‌സിന്റെ ഇന്റർനാഷനൽ വാട്ടർ അഫയേഴ്‌സ് പ്രതിനിധിയും പങ്കെടുത്ത യോഗത്തിൽ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ കണക്കിലെടുത്ത് ജലസ്രോതസ്സുകൾ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. നാലര പതിറ്റാണ്ടിന് ശേഷമാണ് യു.എൻ വാട്ടർ കോൺഫറൻസ് ന്യൂയോർക്കിൽ നടക്കാനിരിക്കുന്നത്. 1977ലാണ് നേരത്തെ കോൺഫറൻസ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.