സമഗ്ര ലോക്ക് ഡൗൺ നടപ്പാക്കുന്നത് ഇങ്ങനെ...
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച വൈകീട്ട് നാലുമണി മുതൽ സമഗ്ര ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് നടപ്പാക്കുന്നത് എപ്രകാരം എന്ന കാര്യത്തിലെ ആശങ്കക്ക് വിരാമം.
ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്, വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, സാമൂഹിക ക്ഷേമ മന്ത്രി മറിയം അഖീൽ, മുനിസിപ്പൽ മന്ത്രി വലീദ് ജാസിം, സർക്കാർ വക്താവ് താരിഖ് അൽ മസ്റം എന്നിവർ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു.
ഇതനുസരിച്ച് ആരോഗ്യം, സുരക്ഷ, ഇലക്ട്രിസിറ്റി, എണ്ണ, മുനിസിപ്പാലിറ്റി പ്രധാന സർക്കാർ വകുപ്പുകളും എയർ കണ്ടീഷനിങ്, അറ്റകുറ്റപണി തുടങ്ങി സ്വകാര്യ മേഖലയിലെ ജനങ്ങൾക്ക് അത്യാവശ്യ സേവനങ്ങൾ നൽകുന്ന കമ്പനികൾക്കും പ്രവർത്തിക്കാം. മറ്റു സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടണം. ഫാർമസി, ഭക്ഷണ സാധനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവക്ക് ഡെലിവറി സർവീസിന് അനുമതിയുണ്ട്. ബാങ്കുകളുടെ പ്രധാന ശാഖകൾ കുറച്ചു സമയം പ്രവർത്തിക്കും.
സ്വദേശികൾക്കും വിദേശികൾക്കും www.moci.shop എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത് ബാർകോഡ് ഉപയോഗിച്ച് സഹകരണ സംഘങ്ങളിൽനിന്ന് പർച്ചേസ് നടത്താം.
മാസ്ക് ധരിച്ചും അകലം പാലിച്ചും റെസിഡൻഷ്യൽ ഏരിയയിലൂടെ വ്യായാമത്തിനായുള്ള നടത്തം വൈകീട്ട് 4.30 മുതൽ 6.30 വരെ അനുവദിക്കും. ഇതിനായി വാഹനങ്ങൾ ഉപയോഗിക്കരുത്.
റെസിഡൻഷ്യൽ ഏരിയകളിലെ സൂപ്പർ മാർക്കറ്റുകൾക്ക് തുറക്കാം.
പെരുന്നാളിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിച്ച് ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. സമഗ്ര നിയന്ത്രണത്തിൽ രാജ്യനിവാസികൾ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.