മഴത്തണുപ്പിൽനിന്ന് മരണക്കയത്തിലേക്ക്...
text_fields2018ലെ മഴയെ ഓർമിപ്പിക്കും വിധമായിരുന്നു ഏതാനും ദിവസങ്ങളായി വയനാട്ടിലെ മഴ. അതിന്റെ ഒടുക്കം ഇങ്ങനെ ആയിരിക്കുമെന്ന് കരുതിയതല്ല. മാധ്യമങ്ങളിൽ കാണുന്നതിലും ഭീകരമാണ് ദുരന്തത്തിന്റെ നേർമുഖം. ഒന്നുറിയാതെ മഴത്തണുപ്പിൽ ഉറങ്ങിയവർ കിടപ്പാടമടക്കം മണ്ണൊലിച്ച് പോയ കാഴ്ചയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളക്കര. കാലാവസ്ഥയും മഴയും കണ്ട് പലരും രാത്രിയിൽതന്നെ സ്കൂളിലും മദ്റസയിലും അഭയം പ്രാപിച്ചത് കൊണ്ടാണ് അത്രയും ജീവനുകൾ ബാക്കിയായത്.
രാത്രി അഭയം കണ്ടെത്തി വീടുകളിൽ നിന്ന് മാറി താമസിച്ചവരുടെ വീടുകൾ പലതും ഒഴുകിപ്പോയി. ഇനിയും കണ്ടെത്താത്ത മൃതശരീരങ്ങളും തേടി ചോരാത്ത മഴയിൽ ദുരന്തനിവാരണ ദൗത്യം തുടരുന്നു. പൂർണമായും ഇല്ലാതായ കുടുംബങ്ങളെയും ബന്ധുക്കളെ നഷ്ടമായവരെയും കുറിച്ചുള്ള ഓർമകളിൽ അടക്കിയ നിലവിളികളും നിസ്സഹായമായ കാത്തിരിപ്പുമായി ശ്മശാന തുല്യമാണ് മേപ്പാടി ടൗൺ.
വെളിച്ചവും ഭക്ഷണവും ഇല്ലാതെ രക്ഷാപ്രവർത്തകരെ കാത്ത് പുഴക്ക് അക്കരെ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രാത്രി വൈകിയും രക്ഷാപ്രവർത്തനം വലിയതോതിൽ നടക്കുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വയനാട്ടിലെ ഏറ്റവും സുന്ദരമായ പ്രദേശമാണ് മേപ്പാടിയും പ്രാന്തപ്രദേശങ്ങളും. ടൂറിസ്റ്റുകളും അതിഥി തൊഴിലാളികളുമടക്കം ഈ മേഖലയിൽ ക്യാമ്പ് ചെയ്യുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ വ്യാപ്തി പേടിപ്പെടുത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.