ലോകത്തെല്ലായിടത്തും വാക്സിൻ വിതരണം ഉറപ്പാക്കണമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ലോകത്തെല്ലായിടത്തും ന്യായവും സുരക്ഷിതവുമായ വാക്സിൻ വിതരണം ഉറപ്പാക്കണമെന്ന് കുവൈത്ത്. സമഗ്രമായ രോഗപ്രതിരോധം എന്ന ലക്ഷ്യം കൈവരിക്കാൻ ആഗോളാടിസ്ഥാനത്തിൽ വാക്സിൻ വിതരണം ഊർജിതമാക്കണമെന്നും യു.എൻ പൊതുസഭയിൽ കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്ത് അമീറിനെ പ്രതിനിധാനംചെയ്ത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹാണ് ഇക്കാര്യം പറഞ്ഞത്. ആഗോളതലത്തിലെ വാക്സിൻ വിതരണ പദ്ധതികൾക്കായി കുവൈത്ത് 327.4 ദശലക്ഷം ഡോളർ സംഭാവന നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് കൂടി കോവിഡ് പ്രതിരോധവാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്തിെൻറ സഹായം. ലോകാരോഗ്യസംഘടനയും ഗാവി വാക്സിൻ അലയൻസും സംയുക്തമായി നടത്തിവരുന്ന കൊവാക്സ് പദ്ധതിക്ക് 40 ദശലക്ഷം ഡോളർ നൽകിയതായും പ്രധാനമന്ത്രി സൂചിപ്പിച്ചു. കുവൈത്തിൽ ജനസംഖ്യയുടെ 72 ശതമാനത്തിന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. രാജ്യത്തെ വിദേശിസമൂഹത്തിനും സൗജന്യമായാണ് വാക്സിൻ നൽകിയത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് ആഗോളതലത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഏറെ വലുതാണെങ്കിലും മാറ്റത്തിനും പുനർനിർമാണത്തിനുമുള്ള പ്രേരണ കൂടിയാണതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.