സാമ്പത്തിക വളര്‍ച്ച ദുര്‍ബലം; ഫിച്ചിന്റെ റേറ്റിങ്ങിൽ കുവൈത്തിന് മുന്നേറ്റമില്ല
text_fieldsകുവൈത്ത് സിറ്റി: യു.എസ് റേറ്റിങ് ഏജന്‍സിയായ ഫിച്ചിന്റെ റേറ്റിങ്ങിൽ കുവൈത്തിന് മുന്നേറ്റമില്ല. നിക്ഷേപ ഗ്രേഡായ എ.എ മൈനസിലാണ് ഇപ്പോഴും കുവൈത്തിന്റെ നില. വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തി കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്നതാണ് ക്രെഡിറ്റ് റേറ്റിങ്. ദുർബലമായ സാമ്പത്തിക വരവ്, ഭരണ നിർവഹണ പിഴവുകൾ, എണ്ണയുടെ വിലക്കുറവ്, ഘടനാപരമായ മാന്ദ്യം എന്നിവ കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായി റേറ്റിങ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സർക്കാറും പാർലമെന്റും നിരന്തരം ഏറ്റുമുട്ടുന്നതും സാമ്പത്തിക വളർച്ചക്ക് തടസ്സം സൃഷ്ടിക്കുന്നതായും നയരൂപവത്കരണത്തിൽ താമസം വരുത്തുന്നതായും ഫിച്ച് സൊല്യൂഷൻസ് വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക വളർച്ച 10 ശതമാനത്തിൽ താഴെയായി കുറയുമെന്നും ഏജന്‍സി പറയുന്നു. സര്‍ക്കാര്‍ പണത്തിന്റെ 70 ശതമാനം ചെലവഴിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനും സബ്സിഡിക്കുമായാണ്. കുവൈത്ത് സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നേരത്തെ ലോകബാങ്ക് പുറത്തിറക്കിയ കോർപറേറ്റ് ഗവേണൻസ് ഇൻഡിക്കേറ്ററുകളുടെ റാങ്കിങ്ങിൽ കുവൈത്തിന് 51ാം സ്ഥാനമായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് നിക്ഷേപ ഗ്രേഡായ എ.എയിൽനിന്ന് കുവൈത്തിന്റെ റേറ്റിങ് എ.എ മൈനസായി താഴ്ത്തിയത്.
സർക്കാറും പാർലമെൻറും തമ്മിലുള്ള ഏറ്റുമുട്ടൽ നയരൂപവത്കരണത്തിൽ തടസ്സം സൃഷ്ടിക്കുന്നതായും സാമ്പത്തിക വളർച്ച മുരടിപ്പിക്കുന്നതായും അന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഈ വർഷം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ കോവിഡിനുമുമ്പത്തെ നിലയിലെത്തുമെന്ന് ഫിച്ച് സൊല്യൂഷൻസ് സാമ്പത്തിക ഏജൻസി നേരത്തെ വിലയിരുത്തിയിരുന്നു. കോവിഡ് കാല നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥക്ക് ആഘാതം ഏൽപിച്ചിട്ടുണ്ട്. ക്രമേണ മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും 2023ൽ കോവിഡിനുമുമ്പത്തെ നിലയിൽ എത്തുമെന്നും ഫിച്ച് സൊല്യൂഷൻസ് ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ എണ്ണവിലയിലുണ്ടാകുന്ന വർധന, എണ്ണ വരുമാനത്തെ മുഖ്യമായി ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് കരുത്താകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.