കാലാവസ്ഥ മാറ്റത്തിന് നാന്ദിയായി സുഹൈൽ താരകം നാളെ ഉദയം കൊള്ളും
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഉപദ്വീപിലെ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം വിളംബരം ചെയ്ത് 'സുഹൈൽ' നക്ഷത്രത്തിെൻറ ഉദയം ശനിയാഴ്ചയുണ്ടാവും.അറേബ്യൻ ഉപദ്വീപിെൻറ തെക്കുഭാഗത്ത് ആഗസ്റ്റ് 24ന് പുലർച്ച ഈ പ്രതിഭാസം ദൃശ്യമാകുമെങ്കിലും കുവൈത്തിൽ സെപ്റ്റംബർ അഞ്ചോടെ മാത്രമേ സുഹൈൽ നക്ഷത്രത്തെ ദർശിക്കാനാവൂ. എല്ലാ വർഷവും ആഗസ്റ്റ് 24 മുതൽ ഒക്ടോബർ 16 വരെ 53 ദിവസങ്ങളാണ് സുഹൈലിെൻറ നാളുകൾ.
സുഹൈലിെൻറ ഉദയത്തോടെ ഇപ്പോൾ അനുഭവപ്പെടുന്ന ചൂടിെൻറ കാഠിന്യം കുറയുകയും ക്രമേണ കുവൈത്ത് ഉൾപ്പെടെയുള്ള ഉപദീപിലെ രാജ്യങ്ങൾ തണുപ്പിലേക്ക് വഴിമാറുകയും ചെയ്യും. കാലാവസ്ഥ മെച്ചപ്പെടുക, വെള്ളത്തിന് ഇതുവരെ അനുഭവപ്പെട്ട ചൂടിൽ കുറവ് വരുക, നിഴലിെൻറ നീളം കൂടുക, പകലിെൻറ ദൈർഘ്യം കുറഞ്ഞ് രാത്രി സമയം കൂടുക തുടങ്ങിയവ സുഹൈലിെൻറ ഉദയത്തോടെ സംഭവിക്കുന്ന പ്രകൃതിയിലെ ചില വ്യതിയാനങ്ങളാണ്.
പൗരാണിക കാലം മുതൽ അറബികൾ ചന്ദ്രനെയും ചില നക്ഷത്രങ്ങളെയും അവലംബിച്ചാണ് കാലഗണന നടത്തിവരുന്നത്. അതിൽ സുപ്രധാന സ്ഥാനമാണ് സുഹൈൽ നക്ഷത്രത്തിനുള്ളത്. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാൻ വരുന്ന പ്രതീക്ഷയുടെ നക്ഷത്രമായാണ് അവർ ഇതിനെ കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ സുഹൈലിെൻറ ഉദയത്തെ ആഘോഷമായി കൊണ്ടാടുന്ന രീതിയും അറബികൾക്കിടയിലുണ്ട്. ഇംഗ്ലീഷിൽ കനോപസ് എന്നും അൽഫ കറീന എന്നും അറിയപ്പെടുന്ന സുഹൈൽ നക്ഷത്രം സൂര്യനും സിറിയസും കഴിഞ്ഞാൽ ഏറ്റവും പ്രകാശമുള്ള നക്ഷത്രമാണെന്നാണ് ശാസ്ത്ര നിഗമനം. ശാസ്ത്ര കുതുകികൾക്ക് കൗതുകമായേക്കാവുന്ന ഈ നക്ഷത്രം സാധാരണ ഒക്ടോബർ പകുതിവരെ മാനത്തുണ്ടാവും. കൊടുംചൂടിന് ശമന പ്രതീക്ഷ നൽകിയുള്ള സുഹൈൽ നക്ഷത്രത്തിെൻറ ഉദയം പ്രതീക്ഷയോടെയാണ് ഉപഭൂഖണ്ഡം നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.